പണത്തട്ടിപ്പ്: സെബിയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിച്ചു

Sun, 30-03-2014 12:12:00 PM ;

sebi logoനിയമവിരുദ്ധ പണമിടപാട് തടയാന്‍ സെക്യൂരിറ്റീസ് ആന്‍ഡ്‌ എക്സേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതി വീണ്ടും പുറപ്പെടുവിച്ചു. ഇത് മൂന്നാം തവണയാണ് ഓര്‍ഡിനന്‍സ് പുറപ്പടുവിക്കുന്നത്.

 

ഓര്‍ഡിനന്‍സിന് പകരം കൊണ്ടുവന്ന 2013-ലെ ജാമ്യ നിയമ ഭേദഗതി ബില്‍ പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍, ശീതകാല സമ്മേളനങ്ങളില്‍ പാസാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. ജനുവരി 15-ന് ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുകയും ചെയ്തിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

 

മണിചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, അനധികൃത നിക്ഷേപ പദ്ധതികള്‍ എന്നിവ തടയുന്നതിന് സെബി ചെയര്‍മാന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. ഏത് പദ്ധതികളിലും പരിശോധന നടത്താനും രേഖകളും മറ്റും കസ്റ്റഡിയില്‍ എടുക്കാനും ബന്ധപ്പെട്ട കേസുകളില്‍ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ശേഖരിക്കാനും ഉള്ള അധികാരങ്ങള്‍ ഇതില്‍പ്പെടും. 100 കോടി രൂപയില്‍ അധികം വിലമതിക്കുന്ന പദ്ധതികള്‍ നിര്‍ബന്ധമായും സെബിയില്‍ രജിസ്റ്റര്‍ ചെയ്യണം.

 

1992-ലെ സെബി നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന ഓര്‍ഡിനന്‍സ് 2013 ജൂലൈ 18-നാണ് ആദ്യം പുറപ്പെടുവിച്ചത്. പിന്നീട് സെപ്തംബര്‍ 16-ന് ഇത് വീണ്ടും പുറപ്പെടുവിച്ചു.  

Tags: