സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Wed, 02-04-2014 03:53:00 PM ;

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. ഇവിടെ തുടര്‍ച്ചയായ നാലാം വിജയമാണ് സോണിയ ലക്ഷ്യമിടുന്നത്. ഏപ്രിൽ 30-നാണ് റായ്ബറേലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

 

റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ സ്‌നേഹത്തോടെ ദത്തെടുക്കുകയായിരുന്നെന്നും ഇത്തവണയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു. പത്രിക സമര്‍പ്പികാനായി എത്തിയ സോണിയയെ വഴിയിലുടനീളം ആയിരകണക്കിന് ആളുകളാണ് കാണാനായി തടിച്ചുകൂടിയത്. രാഹുല്‍ ഗാന്ധിയാണ് വാഹനം ഓടിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തുടരുന്ന കീഴ്‌വഴക്കമനുസരിച്ച് പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി സോണിയ നഗരത്തിലെ പൗരപ്രമുഖനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഗായാ പ്രസാദ് ശുക്ലയുടെ വീട്ടിലെത്തി പ്രത്യേക പൂജയില്‍ പങ്കെടുത്തു.

 

സുപ്രീം കോടതി അഭിഭാഷകനായ അജയ് അഗര്‍വാളാണ് റായ്ബറേലിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. സമാജ്‌വാദ് പാര്‍ട്ടി സോണിയക്കും രാഹുലിനും എതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തിയിട്ടില്ല. ആം ആദ്മി പാര്‍ട്ടി ഇവിടുത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് സോണിയ റായ്ബറേലിയിൽ നിന്ന ജനവിധി തേടുന്നത്. നേരത്തെ 2004-ലും 2009-ലും വന്‍ ഭൂരിപക്ഷത്തോടെയാണ് സോണിയ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

Tags: