ഛത്തിസ്‌ഗഡ്: മാവോയിസ്റ്റുകളുടെ ഇരട്ട ആക്രമണത്തില്‍ 14 മരണം

Sun, 13-04-2014 11:39:00 AM ;
ബസ്തര്‍

 

ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ വ്യാഴാഴ്ച ഏറെക്കുറെ സമാധാനപരമായി വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് ആക്രമണം. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം ഉണ്ടായിരുന്നു.

 

ബസ്തറിലെ ദര്‍ഭ താഴ്വരയില്‍ സി.ആര്‍.പി.എഫിന്റെ ആംബുലന്‍സിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് സൈനികരും രണ്ട് ആംബുലന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടു. അഞ്ച് സി.ആര്‍.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.   

 

ബീജാപൂരിന് സമീപം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ നടന്ന കുഴിബോംബ്‌ ആക്രമണത്തില്‍ ഏഴു പോളിംഗ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Tags: