370-ാം വകുപ്പ് എന്‍.ഡി.എയുടെ പരിപാടിയില്‍ ഇല്ലെന്ന് ഗഡ്കരി

Sat, 19-04-2014 03:27:00 PM ;
പാറ്റ്ന

nitin gadkariജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയണമെന്നത് ബി.ജെ.പിയുടെ ആവശ്യമാണെന്നും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) കാര്യപരിപാടിയില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്നും ബി.ജെ.പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ബി.ജെ.പി സ്വന്തം നിലയില്‍ അധികാരത്തില്‍ എത്തുമ്പോള്‍ മാത്രമേ ഈ വിഷയത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കൂ എന്ന്‍ ഗഡ്കരി വ്യക്തമാക്കി.

 

അയോദ്ധ്യയിലെ രാമക്ഷേത്രം, പൊതു സിവില്‍ കോഡ് എന്നിവയ്ക്കൊപ്പം ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായാണ് ഈ വിഷയങ്ങള്‍ കരുതപ്പെടുന്നത്. ബി.ജെ.പി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന ആരോപണവും ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ശക്തമാക്കിയിരുന്നു.  

 

എന്നാല്‍, ജാതീയതയേയും വര്‍ഗ്ഗീയതയേയും കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുന്ന കോണ്‍ഗ്രസും ലാലു പ്രസാദും നിതീഷ് കുമാറുമാണ് സമൂഹത്തില്‍ വിഷം പടര്‍ത്തുന്നതെന്ന് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഗഡ്കരി കുറ്റപ്പെടുത്തി.

Tags: