12 സംസ്ഥാനങ്ങളില്‍ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Thu, 24-04-2014 10:48:00 AM ;
ന്യൂഡല്‍ഹി

 

രാജ്യത്ത് ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ് നാട്ടിലെ 39 സീറ്റുകളടക്കം 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഇന്ന് (വ്യാഴാഴ്ച്ച) വോട്ടെടുപ്പ് നടക്കുന്നത്. തമിഴ് നാടിന് പുറമെ മഹാരാഷ്ട്രയിലെ 19, ഉത്തര്‍പ്രദേശിലെ 12, മധ്യപ്രദേശിലെ 10, ബിഹാറിലെയും ഛത്തീസ്ഗഢിയെയും ഏഴ്, ബംഗാളിലെയും അസമിലെയും ആറ് സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

 

പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. സുഷമ സ്വരാജ്, മുലായം സിങ് യാദവ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ആറാംഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഡിഎം.കെ, എ.ഡി.എം.കെ എന്നിവക്കൊപ്പം ബി.ജെ.പി മുന്നണികളും ഇടത്പാര്‍ട്ടികളും തമിഴ് നാട്ടില്‍ മത്സര രംഗത്തുണ്ട്.

 

മുന്‍ കേന്ദ്രമന്ത്രിമാരായ മന്ത്രി ടി.ആര്‍. ബാലു, കരുണാനിധിയുടെ മരുമകന്‍ ദയാനിധി മാരന്‍, മണി ശങ്കര്‍ അയ്യര്‍, കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി പി. ചിദംബരം, എം.ഡി.എം.കെ അധ്യക്ഷന്‍ വൈകോ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പൊന്‍രാധാകൃഷ്ണന്‍, കൂടങ്കുളം സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍, വി.സി.കെ അധ്യക്ഷന്‍ തോള്‍ തിരുമാളവന്‍ എന്നിവരാണ് തമിഴ് നാട്ടില്‍ നിന്നും ജനവിധി തേടുന്ന പ്രമുഖര്‍.

 

മുലായം സിങ് യാദവിന്‍റെ മെയ്ന്‍പുരി, സല്‍മാന്‍ ഖുര്‍ഷിദിന്‍റെ ഫറൂഖാബാദ്, അമര്‍സിങ് മല്‍സരിക്കുന്ന ഫത്തേപൂര്‍ സിക്രി, ഹേമമാലിനി ജനവിധി തേടുന്ന മഥുര എന്നിവയടക്കം 12 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. മേധാപട്കര്‍, പ്രിയദത്ത്, മിലിന്ദ് ഡിയോറ, പൂനം മഹാജന്‍, തുടങ്ങിയ പ്രമുഖര്‍ മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി മല്‍സരിക്കുന്ന ജംഗിപ്പൂരിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags: