ടുജി സ്‌പെക്ട്രം: എ.രാജക്കും കനിമൊഴിക്കുമെതിരെ കുറ്റപത്രം

Fri, 25-04-2014 05:44:00 PM ;
ന്യൂഡൽഹി

A.Raja and Kanimozhi2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി എ.രാജ,​ കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ,​ തുടങ്ങിയവർക്കെതിരെ കുറ്റപത്രം സമ‌ർപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഡൽഹി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വാൻ ടെലികോം ഉടമ ഷഹീദ് ബൽവയും കേസിൽ പ്രതിയാണ്.

 

2008-ല്‍ ടെലികോം മന്ത്രിയായിരിക്കെ മൊബൈല്‍ കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി ലൈസന്‍സ് നല്‍കിയെന്നും ഇതിലൂടെ ലഭിച്ച 200 കോടിയോളം രൂപ നിക്ഷേപിച്ചത് കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ചര്‍ ചാനലിലേക്കാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 30-ന് കോടതി കുറ്റപത്രം പരിഗണിക്കും. 2ജി കേസിൽ പെട്ട ടെലികോം സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ ജപ്തി നടപടികൾക്കും ഡയറക്ടറേറ്റ് തുടക്കമിട്ടിട്ടുണ്ട്.

 

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കനിമൊഴി, രാജ എന്നിവരുടെ സ്വത്തുവിവരവും നിക്ഷേപങ്ങളുടെ കണക്കുകളും പരിശോധിച്ചിരുന്നു. എ.രാജ, കനിമൊഴി, കലൈഞ്ചര്‍ ടിവി എം.ഡി ശരത് കുമാര്‍ എന്നിവര്‍ 1.76 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സി.എ.ജി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 2ജി സ്‌പെക്ട്രം കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Tags: