ഐ.പി.എല്‍ ഒത്തുകളി അന്വേഷണം: സുപ്രീം കോടതി വിധി പറയുന്നത് മാറ്റി

Tue, 29-04-2014 02:25:00 PM ;
ന്യൂഡല്‍ഹി

bcciഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2013-ലെ ആറാം പതിപ്പില്‍ നടന്ന ഒത്തുകളിയും പന്തയവും അന്വേഷിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി പറയുന്നത് ചൊവാഴ്ച മാറ്റിവെച്ചു. ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസനും 12 ക്രിക്കറ്റ് കളിക്കാര്‍ക്കും ഒത്തുകളിയും പന്തയവുമായി ബന്ധമുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ്‌ മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

 

എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണവും മുദ്ഗല്‍ കമ്മിറ്റിയ്ക്ക് നല്‍കുന്നതിനെ ബി.സി.സി.ഐ ഇന്ന്‍ കോടതിയില്‍ എതിര്‍ത്തു. അന്വേഷണത്തിന് പുതിയ സമിതിയെ നിയോഗിക്കാന്‍ ജസ്റ്റിസ്‌ എ.കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിനോട്‌ ബി.സി.സി.ഐയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അന്വേഷണം തീരുന്നത് വരെ ശ്രീനിവാസനെ ബി.സി.സി.ഐ അദ്ധ്യക്ഷനായി തുടരാന് അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ശ്രീനിവാസനെ താല്‍ക്കാലികമായി സ്ഥാനത്ത് നിന്ന്‍ സുപ്രീം കോടതി മാറ്റിയിരിക്കുകയാണ്.

 

കേസില്‍ തുടരന്വേഷണം നടത്താന്‍ ജസ്റ്റിസ്‌ മുദ്ഗല്‍ ഇതിന് തയ്യാറാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ഇന്ന്‍ കോടതിയെ അറിയിച്ചു. സി.ബി.ഐ മുന്‍ ഡയറക്ടര്‍ എം.എല്‍ ശര്‍മ, ഡല്‍ഹി പോലീസിലേയും ചെന്നൈ പോലീസിലേയും ഓരോ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.  

 

വിവാദം അന്വേഷിക്കാന്‍ ബി.സി.സിഐ നിര്‍ദ്ദേശിച്ച മൂന്നംഗ സമിതിയെ നിരാകരിച്ച സുപ്രീം കോടതി തുടരന്വേഷണത്തിന് മുദ്ഗല്‍ കമ്മിറ്റി തയ്യാറാണോ എന്നറിയിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Tags: