ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Wed, 30-04-2014 12:09:00 PM ;
ന്യൂഡല്‍ഹി

election 2014

 

ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്‌സഭ സീറ്റുകളില്‍ ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഗുജറാത്തിലെയും പഞ്ചാബിലെയും തെലുങ്കാനയിലെയും മുഴുവന്‍ സീറ്റുകളിലും ഇന്ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തില്‍ പോളിംഗ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍ പഞ്ചാബില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തുന്നത്.പഞ്ചാബ് (13), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (9), ബിഹാര്‍ (7), ഗുജറാത്ത് (26), തെലുങ്കാന(17), ജമ്മുകശ്മീര്‍ (1), ദാദര്‍ നഗര്‍ഹവേലി (1), ദാമന്‍ ദിയു (1) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി (റായ്ബറേലി) ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡി (വഡോദര), ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് (ലക്‌നൗ), മുരളി മനോഹര്‍ ജോഷി(കാണ്‍പൂര്‍, എല്‍.കെ അദ്വാനി (ഗാന്ധിനഗര്‍) മുരളി ഉമാഭാരതി (ഝാന്‍സി), അരുണ്‍ ജെയ്റ്റ്ലി (അമൃത്സര്‍), ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (അമൃത്സര്‍), അംബികാ സോണി (അനന്ത്പുര്‍ സാഹിബ്), അമരീന്ദര്‍ സിങ് (അമൃത്‌സര്‍), ഫാറൂഖ് അബ്ദുള്ള (ശ്രീനഗര്‍), ശരദ് യാദവ് (മധേപുര)തുടങ്ങിയവര്‍ ജനവിധി തേടുന്ന പ്രമുഖരാണ്.

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ  നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍   മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്. കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, തെലുങ്കുദേശം പാര്‍ട്ടി, ബി.ജെ.പി, സി.പി.ഐ, സി.പി.എം എന്നി പാര്‍ട്ടികളാണ് തെലുങ്കാനയില്‍ മത്സരരംഗത്തുള്ളത്.

 

 

ഉത്തര്‍ പ്രദേശിലെ 14 മണ്ഡലങ്ങളിലേക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 233 സ്ഥാനാര്‍ഥികളാണ്. പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഹൗറ, ഉളുബെരിയ, സെരാംപുര്‍, ഹൂഗ്ലി, ആരംബാഗ്, ബീര്‍ഭൂം, ബോല്‍പുര്‍, ബര്‍ദ്വാന്‍-ദുര്‍ഗാപുര്‍, ബര്‍ദ്വാന്‍ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags: