ചിഹ്നം ഉയർത്തിക്കാട്ടിയ സംഭവത്തില്‍ മോഡിക്കെതിരെ കേസ്

ന്യൂഡൽഹി
Wed, 30-04-2014 05:09:00 PM ;

വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നം ഉയർത്തിക്കാട്ടിയ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പോളിങ് ബൂത്തില്‍ ചിഹ്നം ഉയര്‍ത്തിക്കാട്ടിയതിനും വാര്‍ത്താസമ്മേളനം നടത്തിയതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കകം എഫ്.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കമ്മീഷനെ അറിയിക്കാനാണ് നിര്‍ദേശം.

 

രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. ചിഹ്നം ഉയര്‍ത്തിക്കാട്ടുന്ന മോഡിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്കെതിരെയും നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.പോളിങ് സ്‌റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർഥികൾ വോട്ട് ചോദിക്കുന്നത് നിയമം വിലക്കുന്നുണ്ട്. ഇതേസമയം മോദി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

കോണ്‍ഗ്രസ്സിന്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി .ഇന്ന് രാവിലെയാണ് നടപടിക്കാസ്സ്പദമായ സംഭവം. എല്‍കെ അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയാണ് മോഡി താമര ഉയര്‍ത്തികാട്ടിയത്. തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ബോധപൂർവ്വം വോട്ടിങ്ങിനെ സ്വാധീനിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസംഗമാണ് മോഡി നടത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Tags: