ഇത് ഇന്ത്യയുടെ വിജയമെന്ന് നരേന്ദ്ര മോഡി

Fri, 16-05-2014 02:52:00 PM ;
ന്യൂഡല്‍ഹി

 

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇന്ത്യയുടെ ജയമെന്ന് നരേന്ദ്ര മോഡിയുടെ ട്വീറ്റര്‍ സന്ദേശം. വന്‍ വിജയത്തോടെ മുപ്പത് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഒറ്റക്കക്ഷി ഭരണത്തിലേക്ക് നീങ്ങുകയാണ്. ചരിത്രവിജയവുമായി നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തിയിരിക്കയാണ്. 1984-ന് ശേഷം ഒരു കക്ഷി ഇത്തരമൊരു വിജയം നേടുന്നത് ആദ്യമായാണ്. വാരാണാസിയിലും വഡോദരയിലും മോഡി തകര്‍പ്പന്‍ വിജയമാണ് നേടിയത്.

 

വഡോദരയില്‍ എതിർ സ്ഥാനാർഥി മധുസൂദന്‍ മിസ്ത്രിയെ 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഡി പരാജയപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയാണ് വാരാണസിയില്‍ മോഡി പരാജയപ്പെടുത്തിയത്. മിക്കവാറും സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 272 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്‌. കേവല ഭൂരിപക്ഷം നേടാന്‍ 272 സീറ്റുകളാണ്‌ വേണ്ടത്‌. ബി.ജെ.പി നയിക്കുന്ന എന്‍.ഡിഎ സഖ്യം 323 സീറ്റുകളില്‍ ലീഡു ചെയ്യുന്നുണ്ട്‌. കോണ്‍ഗ്രസ്‌ ആകെ 51 സീറ്റുകളില്‍ മാത്രമാണ്‌ ലീഡ് ചെയ്യുന്നത്‌.

 

അതേസമയം ബി.ജെ.പിയുടെ വിജയത്തില്‍ കോണ്‍ഗ്രസ്‌ അഭിനനങ്ങള്‍ അറിയിച്ചു. തോല്‍വിയുടെ ഉത്തരവാദി രാഹുല്‍ ഗാന്ധിയല്ലെന്നും മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടക്കമാണെന്നും കോണ്‍ഗ്രസ്‌ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മോഡിക്ക് ഫോണില്‍ക്കൂടി വിജയാശംസകള്‍ നേര്‍ന്നു. യു.പി.എയും കോണ്‍ഗ്രസും ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണ്. യു,പിയും ബീഹാറും ഗുജറാത്തും രാജസ്ഥാനും ഡല്‍ഹിയും ഹിമാചല്‍പ്രദേശും മധ്യപ്രദേശും ബി.ജെ.പി തുത്തുവാരി. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് മേല്‍ക്കൈ നിലനിര്‍ത്താനായത്.

Tags: