തേജ്പാലിന്റെ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി

Tue, 03-06-2014 04:21:00 PM ;
ന്യൂഡല്‍ഹി

tarun tejpalലൈംഗികാക്രമണ കേസില്‍ തെഹല്‍ക്ക മാഗസിന്റെ എഡിറ്റര്‍ ആയിരുന്ന തരുണ്‍ തേജ്പാലിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ മരണത്തെ തുടര്‍ന്നായിരുന്നു കോടതി തേജ്പാലിന് ജാമ്യം അനുവദിച്ചത്. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ ജെ.എസ് ഖേഹര്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ച് അംഗീകരിച്ചു. മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ് ആണ് തേജ്പാലിന് വേണ്ടി ഹാജരായത്.

 

ജാമ്യം അനുവദിച്ചിട്ടും ചുവപ്പുനാട കാരണം അമ്മയുടെ സംസ്കാര ചടങ്ങില്‍ തേജ്പാലിന് കഴിഞ്ഞില്ലെന്നത് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം നിഷേധിക്കാന്‍ പറ്റിയ ഒരു കാരണമെങ്കിലും നല്‍കാന്‍ ഗോവ പോലീസിനോട് ആവശ്യപ്പെട്ടു. ഈ വീഴ്ച പരിഹരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മേയ് 18-ന് അമ്മ മരിച്ചതിനെ തുടര്‍ന്ന്‍ പിറ്റേദിവസം കോടതി മൂന്നാഴ്ചത്തേക്ക് തേജ്പാലിന് ജാമ്യം അനുവദിച്ചിരുന്നു.

 

കഴിഞ്ഞ നവംബറില്‍ ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം കാട്ടിയതിന് ബലാല്‍സംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഗോവ പോലീസ് തേജ്പാലിനെതിരെ കേസെടുത്തിരിക്കുകയാണ്. കേസില്‍ വിചാരണക്കോടതിയില്‍ തേജ്പാല്‍ കൃത്യമായി ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 30-ന് അറസ്റ്റിലായത് മുതല്‍ ഇടക്കാല ജാമ്യം ലഭിക്കുന്നത് വരെ വാസ്കോയിലെ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു തേജ്പാല്‍.  

Tags: