കുട്ടിക്കടത്ത്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Tue, 10-06-2014 03:12:00 PM ;
ന്യൂ‌‌ഡൽഹി

 

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ അനാഥലയങ്ങളിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രാഥമിക നടപടിയെന്നോണം കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡി.ജി.പിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇതു സംബന്ധിച്ച് ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.

 

കുട്ടികളെ കടത്തിയ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അതേസമയം കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രതികരിച്ചു. മാത്രമല്ല സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സോറന്‍ അറിയിച്ചു.

 

കുട്ടികളെ കൊണ്ടുവന്നത് വിവാദമായതോടെ കേരള സര്‍ക്കാര്‍ ഇടപെട്ട് 119 കുട്ടികളെ ജാര്‍ഖണ്ഡിലേക്ക് മടക്കി അയച്ചു. എറണാകുളം-പട്‌ന എക്‌സ്പ്രസിന്റെ രണ്ട് പ്രത്യേക എ.സി കോച്ചുകളിലാണ് കുട്ടികളെ മടക്കി അയച്ചത്. കേരള പോലീസ്, സാമൂഹ്യ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ പ്രതിനിധികളും ഇവരെ അനുഗമിക്കുന്നുണ്ട്.

Tags: