ഇറാഖ്: തടവില്‍ നിന്ന്‍ ഒരു ഇന്ത്യക്കാരന്‍ രക്ഷപ്പെട്ടു; മധ്യസ്ഥചര്‍ച്ചകള്‍ തുടങ്ങി

Fri, 20-06-2014 03:49:00 PM ;
ബാഗ്ദാദ്

families of indians kidnapped in iraq

 

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ തടവുകാരായി പിടിക്കപ്പെട്ട 40 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കുന്നതിന് മൊസുള്‍ നഗരത്തിന്റെ നിയന്ത്രണം കയ്യാളുന്ന സുന്നി തീവ്രവാദികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആതുരസേവന സംഘടനയായ അന്താരാഷ്ട്ര റെഡ് ക്രെസന്റ് സൊസൈറ്റിയും നിര്‍മ്മാണ കമ്പനി താരിഖ് നൂര്‍ ഉല്‍-ഹുദയുമാണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥ്യം വഹിക്കുന്നത്.

 

രക്ഷപ്പെട്ട തൊഴിലാളി ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഇയാള്‍ വടക്കന്‍ നഗരമായ എര്‍ബിലില്‍ സുരക്ഷിതനായി എത്തിയിട്ടുണ്ടെന്നും റെഡ് ക്രെസന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. യാസീന്‍ അബ്ബാസ്‌ അറിയിച്ചു.

 

പ്രശ്നപരിഹാരത്തിന് ഇന്ത്യ അയച്ചിരിക്കുന്ന പ്രതിനിധി സുരേഷ് റെഡ്ഡി ഇന്ത്യയുടെ ഭാഗത്ത് നിന്ന്‍ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇറാഖിലെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു റെഡ്ഡി. വിഷയത്തില്‍ ബാഗ്ദാദിലെ ഇന്ത്യയുടെ സ്ഥാനപതി കാര്യാലയം തുടര്‍ച്ചയായി ഇടപെട്ട് കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

 

ഇന്ത്യക്കാരെ തടവില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഇറാഖ് അധികൃതര്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. തടവുകാര്‍ സുരക്ഷിതരാണെന്നും രണ്ടിടങ്ങളിലായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ ഇവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും.  

 

അല്‍-ക്വൈദ ആഭിമുഖ്യമുള്ള സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ അല്‍-ഷാം, ഇസ്ലാമിക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദ ലെവാന്റ് (ഐ.എസ്.ഇ.എല്‍) എന്നീ പേരുകളില്‍ സംഘടന അറിയപ്പെടുന്നു) ഈ മാസമാദ്യം ഇറാഖിന്റെ വടക്കന്‍ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും തലസ്ഥാനമായ ബാഗ്ദാദിന് നേരെ ആക്രമണം തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തൊഴിലാളികളെ തടവില്‍ ആക്കിയിരിക്കുന്നതും ഐ.എസ്.ഐ.എസിന്റെ പ്രവര്‍ത്തകരാണ്.  

Tags: