കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Sun, 29-06-2014 01:36:00 PM ;
ന്യൂഡല്‍ഹി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2014 ഡിസംബര്‍ മുതല്‍ 2015 ജൂലൈ വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതികളറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പി.സി.സി അദ്ധ്യക്ഷന്മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഡിസംബര്‍ 31-നകം അംഗത്വ വിതരണം പൂര്‍ത്തിയാക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

നേതാക്കളെ നാമനിര്‍ദേശം ചെയ്യുന്ന പതിവിന് വിരുദ്ധമായി ഇത്തവണ താഴെതട്ട് മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദേശം. അംഗത്വ വിതരണം പൂര്‍ത്തിയാക്കലാണ് ആദ്യപടി. ഡിസംബര്‍ അവസാനത്തോടെ അംഗത്വ വിതരണം പൂര്‍ത്തിയാക്കി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലേക്ക് കടക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ജനുവരിയില്‍ യോഗ്യരായ അംഗങ്ങളുടെ പട്ടിക എ.ഐ.സി.സി പ്രസിദ്ധീകരിക്കും. തുടര്‍ന്ന് സൂക്ഷ്‌മ പരിശോധന നടക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25-ന് പ്രസിദ്ധീകരിക്കും. ബൂത്ത് തലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ആദ്യം നടക്കുന്നത്. ഏപ്രിലില്‍ ബൂത്ത് തലത്തിലും ജൂണില്‍ ജില്ലാതലത്തിലും തെരഞ്ഞെടുപ്പ് നടക്കും.

Tags: