ഇന്ത്യന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നിയമത്തിലെ ഭേദഗതി ലോകസഭ തിങ്കളാഴ്ച പാസാക്കി. ട്രായ് മുന്‍ ചെയര്മാന് നൃപെന്ദ്ര മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി നിയമിക്കുന്നതില്‍ ഉള്ള നിയമതടസ്സം നീക്കുന്നതായിരുന്നു പ്രധാന ഭേദഗതി. നേരത്തെ മെയ് 28-ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാണ് മിശ്രയെ നിയമിച്ചത്.
ഒരു വ്യക്തിയ്ക്ക് വേണ്ടി നിയമം ഭേദഗഗതി ചെയ്യുന്നതിനെ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തു. എന്നാല്‍, പൊതുവില്‍ ആവശ്യമായ ഭേദഗതിയാണിതെന്ന് ബി.ജെ.പി പറഞ്ഞു. നേരത്തെ ഭേദഗതിയെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് എന്നാല്‍, സഭയില്‍ നിലപാട് മാറ്റി. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഭേദഗതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിടുള്ളതിനാല് രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സര്‍ക്കാറിന് ബുദ്ധിമുട്ടില്ല.
ട്രായ് ചെയര്മാന് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളില്‍ പദവി ഏറ്റെടുക്കുന്നത് തടയുന്ന 1997-ലെ ട്രായ് നിയമത്തിലെ വകുപ്പാണ് ഭേദഗതി ചെയ്തത്. വിരമിച്ചതിന് ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കരുതെന്നാണ് ഭേദഗതി. ഇത്തരത്തിലുള്ള ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് മുഴുവന്‍ അധികാരവുമുണ്ടെന്നും മത്സര കമ്മീഷന് പോലുള്ള മറ്റ് നിയന്ത്രണ ഏജന്‍സികള്‍ക്ക് സമാനമായി ട്രായിയെ മാറ്റാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.