കട്ജുവിന്റെ ആരോപണം ശരിവെച്ച് കേന്ദ്രം; പാര്‍ലിമെന്റില്‍ ബഹളം

Tue, 22-07-2014 01:59:00 PM ;
ന്യൂഡല്‍ഹി

markandeya katjuഅഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഒന്നാം യു.പി.എ സര്‍ക്കാര്‍ മൂന്ന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രസ് കൌണ്‍സില്‍ ചെയര്‍മാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ടേയ കട്ജുവിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചു. തനിക്ക് നേരെയുള്ള ആരോപണം നിഷേധിച്ച മുന്‍ ചീഫ് ജസ്റ്റിസ്‌ ആര്‍.സി ലഹോട്ടിയ്ക്ക് വിശദീകരണവുമായി കട്ജു വീണ്ടും രംഗത്തെത്തി.

 

ലോകസഭയില്‍ അണ്ണാ ഡി.എം.കെ അംഗങ്ങളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും വിഷയം സഭയില്‍ ഉന്നയിച്ചത്. ജഡ്ജിയുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളിജീയം തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് (മന്‍മോഹന്‍ സിങ്ങ് അധികാരത്തിലിരിക്കെ) പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നതായി നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി. എന്നാല്‍, ബന്ധപ്പെട്ട എല്ലാവരും വിരമിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ല. എന്നാല്‍, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നിലവിലുള്ള രീതി പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

യു.പി.എ സര്‍ക്കാറില്‍ സഖ്യകക്ഷിയായിരുന്ന ഡി.എം.കെയാണ് മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തില്‍ ഇടപെട്ടതെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ രണ്ട് തവണ നിര്‍ത്തിവെച്ചു.

 

ഡി.എം.കെയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മദ്രാസ്‌ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന അശോക്‌ കുമാറിന് ആദ്യം കാലയളവ് നീട്ടിനല്‍കുകയും പിന്നീട് സ്ഥിരം നിയമനം നല്‍കുകയുമായിരുന്നു എന്നാണ് കട്ജു വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമാരായിരുന്ന ആര്‍.സി. ലഹോട്ടി, വൈ.കെ സബര്‍വാള്‍, കെ.ജി ബാലകൃഷ്ണന്‍ എന്നിവരുടെ കാലഘട്ടത്തില്‍ ആയിരുന്നു ഇത്.

 

ജഡ്ജി അഴിമതി നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരിക്കെ താന്‍ ലഹോട്ടിയെ അറിയിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന്‍ കണ്ടെത്തിയതായി ഇന്ന്‍ കട്ജു വെളിപ്പെടുത്തുന്നു. തുടര്‍ന്ന്‍ ഇദ്ദേഹത്തിന്റെ കാലയളവ് നീട്ടിനല്‍കേണ്ടതില്ലെന്ന് മൂന്നംഗ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചെങ്കിലും ലഹോട്ടി പിന്നീട് ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് തന്റെ ബ്ലോഗില്‍ കട്ജു പറയുന്നു.   

 

ലഹോട്ടി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയ കാലയളവ് പിന്നീട് ചീഫ് ജസ്റ്റിസ്‌ ആയ വൈ.കെ സബര്‍വാള്‍ പുതുക്കുകയും തുടര്‍ന്ന്‍ ചീഫ് ജസ്റ്റിസ്‌ ആയ കെ.ജി ബാലകൃഷ്ണന്‍ ജഡ്ജിയ്ക്ക് സ്ഥിരം നിയമനം നല്‍കുകയുമായിരുന്നു. മൂന്നുപേരും അനുചിതമായ ഒത്തുതീര്‍പ്പാണ് നടത്തിയതെന്നും കട്ജു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

സഖ്യകക്ഷിയില്‍ നിന്ന്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് സമ്മതിച്ച ഒന്നാം യു.പി.എ സര്‍ക്കാറിലെ നിയമമന്ത്രി എച്ച്.ആര്‍ ഭരദ്വാജ് എന്നാല്‍ താന്‍ അതിന് വഴങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്നും ഡി.എം.കെയിലേയും പട്ടികജാതി-പിന്നോക്ക വിഭാഗത്തില്‍ പെടുന്ന പതിനെട്ടോളം എം.പിമാരുടെ നിവേദനം പരിഗണിച്ചാണ് കൊളീജിയത്തിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചതെന്നും ഭരദ്വാജ് വെളിപ്പെടുത്തി. 

Tags: