ജയലളിതയെ കളിയാക്കിയുള്ള ശ്രീലങ്കന്‍ ലേഖനത്തെ അപലപിക്കുന്നതായി കേന്ദ്രം

Mon, 04-08-2014 04:39:00 PM ;
ന്യൂഡല്‍ഹി

jayalalithaതമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയെ ആക്ഷേപിക്കുന്ന തരത്തില്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യ. തിങ്കളാഴ്ച പാര്‍ലമെന്റില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്കയുടെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്നും സ്വരാജ് പറഞ്ഞു. ലോകസഭയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡുവും ശ്രീലങ്കയുടെ നടപടി തീര്‍ത്തും അസ്വീകാര്യവും അപലപനീയവുമാണെന്ന് പ്രസ്താവിച്ചു.

 

ശ്രീലങ്കയുടെ നടപടിയെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് എ.ഐ.എ.ഡി.എം.കെ ഇരുസഭകളിലും ശബ്ദായമാന രംഗങ്ങള്‍ സൃഷ്ടിച്ചത്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന്‍ രണ്ട് സഭകളും രണ്ട് തവണ വീതം നിര്‍ത്തിവെച്ചു. ശ്രീലങ്കയുടെ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബഹളം.    

 

ലേഖനത്തിനൊപ്പം ജയലളിതയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ചേര്‍ത്ത് നല്‍കിയ ചിത്രം തുച്ഛവും അപകീര്‍ത്തികരവും അപമാനപ്പെടുത്തുന്നതുമാണെന്ന് നേരത്തെ ജയലളിത പ്രസ്താവിച്ചിരുന്നു. ഇത് തമിഴ്‌നാട്‌ സര്‍ക്കാറിനെ മാത്രമല്ല കേന്ദ്ര സര്‍ക്കാറിനേയും അപമാനിക്കുന്നതാണെന്ന് രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രശ്നമുയര്‍ത്തിയ എ.ഐ.എ.ഡി.എം.കെ നേതാവ് വി. മൈത്രേയന്‍ പറഞ്ഞു.    

Tags: