പ്രശസ്ത യോഗ ഗുരു ബി.കെ.എസ് അയ്യങ്കാര്‍ അന്തരിച്ചു

Wed, 20-08-2014 02:14:00 PM ;
പൂന

bks iyengar

 

വിദേശങ്ങളില്‍ യോഗയുടെ പ്രചാരത്തില്‍ പ്രധാന പങ്ക് വഹിച്ച ബി.കെ.എസ് അയ്യങ്കാര്‍ (95) അന്തരിച്ചു. പൂനയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു.

 

രാഷ്ട്രം പദ്മശ്രീ, പദ്മഭൂഷണ്‍ പദ്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുള്ള അയ്യങ്കാര്‍ ലോകത്തെ യോഗ ഗുരുക്കളില്‍ അഗ്രഗാമിയായി കരുതപ്പെട്ടിരുന്നു. ലൈറ്റ് ഓണ്‍ യോഗ, ലൈറ്റ് ഓണ്‍ പ്രാണായാമ, ലൈറ്റ് ഓണ്‍ ദ യോഗ സൂത്രാസ് ഓഫ് പതഞ്ജലി എന്നിവ അദ്ദേഹം രചിച്ച അനേകം കൃതികളില്‍ പ്രധാനപ്പെട്ടവയാണ്.

 

തന്റെ സ്ഥാപനങ്ങളിലൂടെ ഏകദേശം 60 രാജ്യങ്ങളില്‍ യോഗ പരിശീലനത്തിനും തത്വചിന്തയ്ക്കും അയ്യങ്കാര്‍ പ്രചാരം നല്‍കി. അവസാന കാലം വരെ സക്രിയമായിരുന്ന അദ്ദേഹത്തിന്റെ ശൈലി അയ്യങ്കാര്‍ യോഗ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

 

1918-ല്‍ കര്‍ണ്ണാടകത്തിലെ ബെല്ലൂരില്‍ ജനിച്ച അയ്യങ്കാര്‍ 1937-ല്‍ മഹാരാഷ്ട്രയിലെ പൂന കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ആധുനിക യോഗയുടെ പിതാവ് എന്നറിയപ്പെടുന്ന തിരുമല കൃഷ്ണമാചാര്യയുടെ ആദ്യകാല ശിഷ്യരില്‍ ഒരാളാണ്. 1975-ല്‍ പൂനയില്‍ അദ്ദേഹം സ്ഥാപിച്ച യോഗവിദ്യ എന്ന കേന്ദ്രം പിന്നീട് രാജ്യത്തിനകത്തും പുറത്തും ശാഖകളുമായി വികസിച്ചു.

 

സര്‍വ്വോദയ നേതാവായി മാറിയ ജയപ്രകാശ് നാരായണം പ്രസിദ്ധ തത്വചിന്തകണ്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി, ലോകപ്രസിദ്ധ വയലിനിസ്റ്റ് യെഹൂദി മെനൂഹിന്‍ തുടങ്ങിയവര്‍ അയ്യങ്കാരുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നു.  

 

അയ്യങ്കാറുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഉച്ചതിരിഞ്ഞ് നടക്കും.    

Tags: