ടുജി: മന്‍മോഹന്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി വിനോദ് റായ്

Fri, 12-09-2014 01:05:00 PM ;
ന്യൂഡല്‍ഹി

vinod raiരണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് അറിവുണ്ടായിരുന്നുവെന്ന് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ്. ആഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന്‍ മന്‍മോഹന്‍ സിങ്ങിന്റെ പേര്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയാതായും റായ് വെളിപ്പെടുത്തി.

 

താന്‍ എഴുതിയ ആത്മകഥാപരമായ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി വിവിധ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ച അണിയറ വിവരങ്ങള്‍ വിനോദ് റായ് വെളിപ്പെടുത്തുന്നത്. സ്പെക്ട്രം വിതരണത്തിലേയും കല്‍ക്കരിപ്പാടം വിതരണത്തിലേയും ക്രമക്കേടുകള്‍ മൂലം ഖജനാവിന് വന്‍ നഷ്ടമുണ്ടായതായി കാണിച്ച് സി.എ.ജി ആയിരിക്കെ റായ് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ യു.പി.എ സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.

 

യു.പി.എ സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി വിനോദ് റായ് വെളിപ്പെടുത്തുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്പെക്ട്രവും ലേലം കൂടാതെ കല്‍ക്കരിപ്പാടവും വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മന്‍മോഹന്‍ സിങ്ങിന് ഒരുതരത്തിലും ഉത്തരവാദിത്വത്തില്‍ നിന്ന്‍ ഒഴിയാനാകില്ലെന്ന് റായ് പറഞ്ഞു. ടെലികോം മന്ത്രിയായിരുന്ന എ. രാജ വിഷയത്തില്‍ മന്‍മോഹന്‍ സിങ്ങിന് കത്തുകള്‍ അയച്ചിരുനതും മന്‍മോഹന്‍ സിങ്ങ് അതിന് മറുപടി നല്‍കിയിരുന്നതും റായ് ചൂണ്ടിക്കാട്ടി.

Tags: