ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒത്തുതീര്‍പ്പില്ല; അഴിമതി ആശങ്കപ്പെടുത്തുന്നത്: ചീഫ് ജസ്റ്റിസ്‌ ലോധ

Sat, 13-09-2014 03:25:00 PM ;

rm lodha

 

രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ കാണപ്പെടുന്ന അഴിമതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ ആശങ്ക പ്രകടിപ്പിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒത്തുതീര്‍പ്പിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് അഴിമതി വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്‌ ലോധ ജുഡീഷ്യറിയില്‍ അഴിമതിയ്ക്ക് ഇടം നല്‍കുന്ന ഒന്നും ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ജനായത്തത്തിലെ ഏറ്റവും ഹീനമായ അഴിമതിയാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെന്നും ജുഡീഷ്യറിയുടെ എല്ലാ തലത്തില്‍ നിന്നും അഴിമതി തുടച്ചുനീക്കേണ്ടതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് സ്ഥിരമായ നിലനില്‍പ്പായിക്കഴിഞ്ഞെന്നും അത് എടുത്തുമാറ്റാനുള്ള ഒരു ശ്രമവും വിജയിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എന്തെങ്കിലും തെറ്റ് ചെയ്‌താല്‍ ജുഡീഷ്യറി തങ്ങളുടെ സഹായത്തിനും രക്ഷയ്ക്കും എത്തുമെന്ന് ജനങ്ങളുടെ മനസ്സില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.    

 

ജഡ്ജിമാരുടെ നിയമനത്തിന് നിലനിന്നിരുന്ന സുപ്രീം കോടതി കൊളിജിയം സംവിധാനം മാറ്റി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമം പാര്‍ലിമെന്റ് പാസാക്കിയ പശ്ചാത്തലത്തിലാണ് ലോധയുടെ പരാമര്‍ശം. പ്രസംഗത്തില്‍ ലോധ നിയമത്തെ നേരിട്ട് പരാമര്‍ശിച്ചില്ല. എന്നാല്‍, അടിസ്ഥാന ഘടന പ്രമാണം അനുസരിച്ച് ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയ്ക്ക് ഉള്ള അധികാരം അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തും പരമോന്നത കോടതിയ്ക്ക് ഭരണഘടനയ്ക്ക് നിയമനിര്‍മ്മാണ സഭ കൊണ്ടുവരുന്ന ഭേദഗതി റദ്ദാക്കാന്‍ അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

അതേസമയം, ബ്രിട്ടനിലെ ജുഡീഷ്യല്‍ നിയമന കമ്മീഷനെ പരാമര്‍ശിച്ച ലോധ ഈയിടെ താന്‍ നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ കമ്മീഷന്‍ സുതാര്യത കൊണ്ടുവന്നതായ അഭിപ്രായമാണ് താന്‍ കേട്ടതെന്ന് പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിതമായ കമ്മീഷനിലൂടെ നടന്ന നിയമനങ്ങളുടെ ഗുണത്തിലും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.     

Tags: