മന്‍ഡോലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു

Fri, 19-09-2014 11:49:00 AM ;
ചെന്നൈ

u srinivas

 

പ്രശസ്ത മന്‍ഡോലിന്‍ വാദകന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 

ബാല്യത്തില്‍ തന്നെ മന്‍ഡോലിന്‍ വാദനത്തില്‍ പ്രതിഭ തെളിയിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു ശ്രീനിവാസ്. മന്‍ഡോലിന്‍ ശ്രീനിവാസ് എന്നറിയപ്പെട്ട അദ്ദേഹത്തെ 1998-ല്‍ രാഷ്ട്രം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 2010-ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. 1984-ല്‍ ജൂലൈയില്‍ ശ്രീനിവാസിന്റെ പതിനഞ്ചാം വയസ്സില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ അദ്ദേഹത്തിന് ആസ്ഥാന വിദ്വാന്‍ പട്ടം നല്‍കി ആദരിച്ചിരുന്നു.

 

1969 ഫെബ്രുവരി 28-ന് ആന്ധ്രാപ്രദേശിലെ പലക്കൊലില്‍ ജനിച്ച ഉപ്പലപ്പ് ശ്രീനിവാസ് ആറാം വയസിലാണ് അച്ഛന്‍ സത്യനാരായണ രാജുവില്‍ നിന്ന്‍ ഉപകരണ സംഗീതത്തിന്റെ പാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്. ചെറുപ്രായത്തില്‍ തന്നെ പ്രതിഭാവിലാസം പ്രകടിപ്പിച്ച ശ്രീനിവാസ് ഒന്‍പതാം വയസ്സില്‍ ആദ്യ കച്ചേരി അവതരിപ്പിച്ചു. കര്‍ണ്ണാടക സംഗീതത്തില്‍ മന്‍ഡോലിന്‍ ആദ്യമായി ഉപയോഗിച്ചത് ശ്രീനിവാസ് ആണ്.     

Tags: