കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി തല അഴിച്ചുപണി; ധനകാര്യ സെക്രട്ടറിയെ മാറ്റി

Thu, 16-10-2014 06:21:00 PM ;
ന്യൂഡല്‍ഹി

rajiv mehrishiനരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി കേന്ദ്ര സര്‍ക്കാറില്‍ സെക്രട്ടറി തലത്തില്‍ വ്യാപക അഴിച്ചുപണി. ധനകാര്യ മന്ത്രാലയത്തില്‍ ധനകാര്യ, സാമ്പത്തിക കാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന അരവിന്ദ് മായാറാമിനെ താരതമ്യേന പ്രാധാന്യം കുറഞ്ഞ ടൂറിസം വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന മാറ്റം. രാജസ്ഥാന്‍ ചീഫ് സെക്രട്ടറി രാജീവ് മേഹൃഷിയാണ് പുതിയ ധനകാര്യ സെക്രട്ടറി.

 

രാജസ്ഥാന്‍ കേഡറിലെ 1978 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മേഹൃഷിയ്ക്ക് ഏകദേശം പത്ത് മാസം കാലാവധിയുണ്ട്. മായാറാമും ഇതേ ബാച്ചിലും ഇതേ കേഡറിലും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ആണ് ധനകാര്യ സെക്രട്ടറി ആയി മായാറാമിനെ നിയമിച്ചത്. സാമ്പത്തിക കാര്യം, ചെലവ്, വരവ്, ധനകാര്യം എന്നിങ്ങനെ ചുമതല വഹിക്കുന്ന നാല് സെക്രട്ടറിമാരാണ് ധനകാര്യ മന്ത്രാലയത്തില്‍ ഉള്ളത്.  

 

ആകെ 20 സ്ഥാനമാറ്റങ്ങളാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയത്. ഇതില്‍ മൂന്നിലൊന്നും സെക്രട്ടറി തലത്തിലാണ്. ഉത്തര്‍ പ്രദേശ്‌ കേഡറിലെ 1981 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍ സ്വരൂപ്‌ കല്‍ക്കരി വകുപ്പില്‍ സെക്രട്ടറിയാകും. ഇദ്ദേഹത്തെ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയി നിയമിച്ചിരിക്കുകയായിരുന്നു.  

Tags: