ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കി

Fri, 17-10-2014 01:12:00 PM ;
ന്യൂഡല്‍ഹി

jayalalithaവരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയ്ക്ക് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. ഒപ്പം ശിക്ഷിക്കപ്പെട്ട ജയലളിതയുടെ സഹായി വി.കെ ശശികല, വി.എന്‍ സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്.

 

രണ്ട് മാസത്തിനുള്ളില്‍ ശിക്ഷക്കെതിരെയുള്ള അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നുമുള്ള ഉറപ്പിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം പോലും നീട്ടിനല്‍കില്ലെന്നും ജയലളിതയുടെ പേരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അത് ഗൗരവത്തോടെ കാണുമെന്നും കോടതി പറഞ്ഞു. രണ്ട് മാസത്തേക്ക് വീട്ടിന് പുറത്ത് പോകില്ലെന്ന് ജയലളിത കോടതിയെ അറിയിച്ചു. ഇന്ന്‍ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാപകദിനമാണ്.  

 

ജയലളിതയുടെ ജാമ്യാപേക്ഷ ഈ മാസം ഏഴിന് കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശക്തമാണെന്നും ഇത്തരത്തിലുള്ള അഴിമതിക്കേസുകള്‍ മനുഷ്യാവാകാശ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെപ്തംബര്‍ 27-നാണ് ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ ജയലളിതയെ നാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന്‍ നിയമസഭാംഗത്വത്തിന് അയോഗ്യത വന്നതിനാല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു .

 

1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിതയുടെ പേരിലുണ്ടായിരുന്ന 66 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു ആരോപണം. 1991-ല്‍ മൂന്ന്‍ കോടി രൂപ ആസ്തിയുണ്ടായിരുന്ന അവര്‍ മാസം ഒരു രൂപ മാത്രമാണ് അഞ്ച് വര്‍ഷം ശമ്പളം വാങ്ങിയിരുന്നത്.

 

ജയലളിത മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ വിചാരണ നീതിപൂര്‍വ്വകമാകില്ലെന്ന പരാതിയില്‍ 2003-ല്‍ സുപ്രീം കോടതിയാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. ഒരു ഭൂമിയിടപാട് കേസില്‍ കുറ്റവാളിയെന്ന്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ 2001-ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ കേസ് തള്ളിപ്പോയതിനെ തുടര്‍ന്ന്‍ അടുത്ത വര്‍ഷം അവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.

Tags: