അസ്സം: ബോഡോ ആക്രമണത്തില്‍ മരണസംഖ്യ 55 ആയി

Wed, 24-12-2014 12:56:00 PM ;
തേസ്പൂര്‍

assam

 

അസ്സമില്‍ ബോഡോ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. സോനിത്പൂര്‍ ജില്ലയില്‍ അക്രമമുണ്ടായ അഞ്ച് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.

 

ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ഇവരെ കണ്ടെത്താനും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതെ നോക്കാനും സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും സംസ്ഥാന പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസ്സം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അറിയിച്ചു.

 

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിരപരാധികളെ കൊല്ലുന്നത് ഭീരുത്വമാണെന്ന് പറഞ്ഞു. ഗോഗോയുമായി സംസാരിച്ചതായും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പ് നല്‍കിയതായും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ഗോഗോയുമായി ഫോണില്‍ സംസാരിച്ചു. സിങ്ങ് ബുധനാഴ്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തും.  

 

അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി ഘടകം ഗോഗോയിക്കെതിരെ വിമര്‍ശനം ശക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ ഗോഗോയ് സര്‍ക്കാര്‍ പരാജയമാണെന്നും സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും തേസ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പി റാംപ്രസാദ് ശര്‍മ പറഞ്ഞു.  

 

ചൊവ്വാഴ്ച രാത്രിയാണ് സോനിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ ആക്രമണ പരമ്പര അരങ്ങേറിയത്. അസ്സം-അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തി പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. കുട്ടികളും സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സോനിത്പൂരില്‍ കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ആദിവാസികളാണെന്ന്‍ പോലീസ് അറിയിച്ചു.

Tags: