ഔറാംഗാബാദ് ആയുധക്കടത്ത്: അബു ജുണ്ടാലിനും ആറുപേര്‍ക്കും ജീവപര്യന്തം

Tue, 02-08-2016 05:39:56 PM ;

നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൈബയുടെ പ്രവര്‍ത്തകന്‍ അബു ജുണ്ടാലിനെയും മറ്റ് ആറുപേരെയും 2006-ലെ ഔറാംഗാബാദ് ആയുധക്കടത്ത് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചയാളായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് അബു ജുണ്ടാല്‍ എന്നറിയപ്പെടുന്ന സയെദ് സബിയുദ്ദീന്‍ അന്‍സാരി.

 

ജുണ്ടാലും മറ്റ് ആറുപേരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി എസ്.എല്‍. അനേകര്‍ വിധിച്ചു. മറ്റ് രണ്ട് പേര്‍ക്ക് 14 വര്‍ഷം നീളുന്ന ജീവപര്യന്തം തടവും മൂന്ന്‍ പേര്‍ക്ക് എട്ടു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 

മരണം വരെ ജീവപര്യന്തം ലഭിച്ചവരില്‍ ഒരാളായ ഫൈസല്‍ അതാവുര്‍-റഹ്മാന്‍ ഷെയ്ഖ് 2006 ജൂലൈ 11-ന് മുംബൈ സബര്‍ബന്‍ തീവണ്ടികളില്‍ നടന്ന പരമ്പര സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ്.

 

കേസില്‍ ആകെയുണ്ടായിരുന്ന 22 പ്രതികളില്‍ എട്ടുപേരെ കോടതി തെളിവില്ലെന്നതടക്കമുള്ള കാരണങ്ങളാല്‍ വെറുതെവിട്ടു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം അനുസരിച്ചായിരുന്നു വിചാരണയെങ്കിലും ഈ നിയമം അനുസരിച്ചുള്ള കടുത്ത വകുപ്പുകള്‍ കോടതി പ്രതികളില്‍ നിന്ന്‍ ഒഴിവാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം, യു.എ.പി.എ, സ്ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവയനുസരിച്ചുള്ള വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ.

 

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട ഗൂഡാലോചനയുടെ ഭാഗമാണ് ആയുധക്കടത്തെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണ് എത്തിച്ചതെന്ന വാദവും കോടതി അംഗീകരിച്ചു.

 

മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ജുണ്ടാല്‍ 2013-ല്‍ പിടിയിലായതോടെയാണ് കേസില്‍ വിചാരണ പുനരാരംഭിച്ചത്.  

 

  

Tags: