റിയൊ ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പിച്ച് പി.വി സിന്ധു

Fri, 19-08-2016 11:01:55 AM ;

റിയൊ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിച്ച് പി.വി സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് മത്സരത്തിന്റെ ഫൈനലില്‍ കടന്നു. ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ഒപ്പം കുറിച്ചു.

 

മൂന്നാം സീഡുകാരിയും ലോക രണ്ടാം നമ്പര്‍ താരവുമായ ജപ്പാന്റെ വാങ്ങ് യിഹാനെ 21-19, 21-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മരിന്‍ ആയിരിക്കും ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.  

 

ബാഡ്മിന്റണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക് മെഡല്‍ ആണിത്. നാല് വര്‍ഷം മുന്‍പ് ലണ്ടന്‍ ഒളിമ്പിക്സില്‍ സൈന നെഹ്വാള്‍  വെങ്കലം നേടിയിരുന്നു.   

 

അതേസമയം, മരുന്നടി ആരോപണം നേരിടുന്ന ഗുസ്തി താരം നര്‍സിങ്ങ് യാദവിനെതിരെയുള്ള അച്ചടക്ക നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയായി. നര്‍സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കിയ ദേശീയ ഉത്തേജക മരുന്നുപയോഗ വിരുദ്ധ ഏജന്‍സിയുടെ തീരുമാനത്തിനെതിരെ ലോക ഉത്തേജക മരുന്നുപയോഗ വിരുദ്ധ ഏജന്‍സി നല്‍കിയ അപ്പീലില്‍ കായിക മദ്ധ്യസ്ഥ കോടതി നര്‍സിങ്ങിനെ ഒളിമ്പിക്സില്‍ നിന്ന്‍ പുറത്താക്കുകയും നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

Tags: