കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

Tue, 23-08-2016 01:31:07 PM ;

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന പ്രതികരിച്ചു.

 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് സംഘടിപ്പിച്ച യുവ പാര്‍ലിമെന്റ് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈയിടെ ദിവ്യ പാകിസ്ഥാനില്‍ പോയിരുന്നു. പാകിസ്ഥാനില്‍ പോകുന്നതും നരകത്തില്‍ പോകുന്നതും ഒരുപോലെയാണെന്ന പരിക്കറുടെ പ്രസ്താവനയെ വിമര്‍ശിച്ച അവരുടെ പരാമര്‍ശയാണ് വിവാദത്തിനിടയാക്കിയത്. പാകിസ്ഥാന്‍ നരകമല്ലെന്നും നല്ല രാജ്യമാണെന്നും അവിടത്തെ ആളുകള്‍ നമ്മെപ്പോലെ തന്നെയാണെന്നും തങ്ങളോട് നല്ല രീതിയില്‍ പെരുമാറിയെന്നുമാണ്‌ ദിവ്യ പ്രതികരിച്ചത്. ഇതിനു ശേഷം സമൂഹ്യ മാദ്ധ്യമങ്ങളില്‍ അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്.

 

കുടകിലെ കോടതിയില്‍ ഒരു അഭിഭാഷകനാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിര്‍ണ്ണയിക്കുന്ന 124-എ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് ദിവ്യക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കോടതി ആഗസ്ത് 27-ന് ഹര്‍ജി പരിഗണിക്കും.

 

തെറ്റൊന്നും ചെയ്യാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്ന്‍ പ്രതികരിച്ച ദിവ്യ ജനാധിപത്യമെന്നാല്‍ അഭിപ്രായത്തിനുള്ള അവകാശമാണെന്ന് കൂട്ടിച്ചേര്‍ത്തു. 2013-ലേ ഉപതിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോകസഭയിലേക്ക് ജയിച്ചിട്ടുണ്ട് ദിവ്യ.

 

കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെയും കര്‍ണ്ണാടകത്തില്‍ രാജ്യദ്രോഹ പരാതി വന്നിരുന്നു. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു ഡോകുമെന്‍ററി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.   

Tags: