കേന്ദ്ര ബജറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാക്കണമെന്ന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

Fri, 06-01-2017 03:23:49 PM ;

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം മാത്രമേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി. എന്നാല്‍, ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

 

വിഷയത്തില്‍ തിടുക്കത്തിന്റെ ആവശ്യമില്ലെന്ന്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ എം.എല്‍ ശര്‍മയോട് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

 

പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം സമാന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫെബ്രുവരി നാലിനാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ഇടയുള്ള ആനുകൂല്യങ്ങളും മറ്റ് പദ്ധതികളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് പ്രതിപക്ഷം പറയുന്നു.

 

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് ബജറ്റ് പാസാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണം നേരത്തെയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാര്‍ച്ച് എട്ടിന് അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ശേഷവും ബജറ്റ് അവതരിപ്പിച്ച് മാര്‍ച്ച് 31-ന് മുന്‍പ് പാസാക്കിയെടുക്കാന്‍ സമയമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Tags: