നോട്ടസാധുവാക്കല്‍ സര്‍ക്കാറിന്റെ ‘ഉപദേശ’മായിരുന്നുവെന്ന് റിസര്‍വ് ബാങ്ക്

Tue, 10-01-2017 02:15:05 PM ;

നോട്ടസാധുവാക്കല്‍ നടപടി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. 2016 നവംബര്‍ ഏഴിനാണ് ഈ “ഉപദേശം” സര്‍ക്കാര്‍ നല്‍കിയതെന്നും ബാങ്ക് പറയുന്നു. പിറ്റേദിവസമാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

 

പാര്‍ലിമെന്റിന്റെ വകുപ്പുതല ധനകാര്യ സമിതിയ്ക്ക് ഡിസംബര്‍ 22-ന് സമര്‍പ്പിച്ച കുറിപ്പിലാണ് റിസര്‍വ് ബാങ്കിന്റെ ഈ വിശദീകരണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയാണ് സമിതിയുടെ അധ്യക്ഷന്‍.

 

കള്ളനോട്ട്, തീവ്രവാദത്തിനുള്ള ധനസഹായം, കള്ളപ്പണം എന്നിവ നേരിടുന്നതിനായിട്ടാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് കുറിപ്പില്‍ പറയുന്നു. പിറ്റേദിവസം തന്നെ ഇത് പരിഗണിക്കാന്‍ യോഗം ചേര്‍ന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് ചര്‍ച്ചകള്‍ക്ക് ശേഷം 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തെന്നും കുറിപ്പില്‍ അറിയിക്കുന്നു. നിര്‍ദ്ദേശം പരിഗണിച്ച് സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നും കുറിപ്പ് വിശദീകരിക്കുന്നു.

 

എന്നാല്‍, നവംബര്‍ 16-ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചത് നോട്ടസാധുവാക്കല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റേത് ആയിരുന്നുവെന്നും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുകയുമാണ്‌ ചെയ്തതെന്നുമായിരുന്നു. എന്നാല്‍, മെയ്‌, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കിയിരുന്നു.  

 

2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നതിന് 2016 മെയ്‌ 18-ന് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതായും ജൂണില്‍ അവസാന അംഗീകാരം ലഭിച്ചതിനു ശേഷം ഇതിന്റെ അച്ചടി തുടങ്ങിയതായും കുറിപ്പില്‍ പറയുന്നു. പണപ്പെരുപ്പം കണക്കിലെടുത്താണ് 2000 രൂപയുടെ നോട്ട് നിര്‍ദ്ദേശിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 5000, 10000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നതിനും 2014 ഒക്ടോബര്‍ ഏഴിന് റിസര്‍വ് ബാങ്ക് ശുപാര്‍ശ നല്‍കിയിരുന്നു.  

 

ജനുവരി 18-നാണ് പാര്‍ലിമെന്റ് സമിതിയുടെ അടുത്ത യോഗം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനേയും ധനകാര്യ മന്ത്രാലയത്തിലേയും വിവിധ പൊതുമേഖലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥരേയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സമിതിയില്‍ അംഗമാണ്.   

Tags: