നോട്ടസാധുവാക്കല്‍: മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ - മന്‍മോഹന്‍ സിങ്ങ്

Wed, 11-01-2017 04:41:26 PM ;

നോട്ടസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന്റെ ഏറ്റവും മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്ന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. നടപടിയെ ദുരന്തമെന്ന് വിശേഷിപ്പിച്ച സിങ്ങ് കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയാണെന്നുള്ള പ്രധാനമന്ത്രിയുടെ ‘പ്രചാര വേല’ ‘ശൂന്യമായ അവകാശവാദം’ മാത്രമാണെന്ന് പറഞ്ഞു.

 

നോട്ടസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുഇടെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് ആരോപിച്ച ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഹുല്‍ ആദ്യമായിട്ടാണ് ലോകം മുഴുവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പരിഹസിക്കപ്പെടുന്നതെന്ന് വിശേഷിപ്പിച്ചു. പേരുകേട്ട സാമ്പത്തിക വിദഗ്ദ്ധരെല്ലാം ഇതിനെ മോശം തീരുമാനമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

റിസര്‍വ് ബാങ്ക്, നീതിന്യായ വ്യവസ്ഥ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പിയും ആര്‍.എസ്.എസും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ 2014 തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ കളിയാക്കി 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ മാത്രമേ ‘നല്ല കാലം’ വരികയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.  

 

നവംബര്‍ എട്ടിന് നോട്ടസാധുവാക്കല്‍ തീരുമാനമെടുത്ത കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ ഒരു രേഖയും ഇല്ലെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം അവകാശപ്പെട്ടു. നോട്ടസാധുവാക്കല്‍ മൂലം രാജ്യത്തിന്റെ ജി.ഡി.പിയില്‍ ഇടിവുണ്ടാകുമെന്ന് സിങ്ങും ചിദംബരവും വ്യക്തമാക്കി.

 

എന്നാല്‍, നോട്ടസാധുവാക്കല്‍ നടപടികള്‍ എല്ലാം സുതാര്യമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ധിക്കുന്ന ജനപ്രീതിയിലുള്ള വിഷാദമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനു പിന്നിലെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.  

Tags: