9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Thu, 19-01-2017 11:08:08 AM ;

നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. അസാധുവായ നോട്ടുകളുടെ മൂല്യത്തിന്റെ 60 ശതമാനത്തിനടുത്ത് വരുമിത്‌. ഏകദേശം 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് 2016 നവംബര്‍ ഒന്‍പതിന് ശേഷം അസാധുവാക്കിയത്.

 

ധനകാര്യ പാര്‍ലമെന്‍ററി സമിതിയുടെ മുന്നിലാണ് പട്ടേല്‍ ഈ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, സമിതി അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ വിവരം നല്‍കാന്‍ പട്ടേലിന് കഴിഞ്ഞില്ലെന്ന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട തുക, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളിലാണ് മറുപടി ലഭിക്കാഞ്ഞത്.

 

നോട്ടസാധുവാക്കല്‍ നടപടിയെ കുറിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ ബാങ്കും തമ്മിലുള്ള കൂടിയാലോചന 2016 ജനുവരിയില്‍ തന്നെ തുടങ്ങിയതായി പട്ടേല്‍ പറഞ്ഞു. എന്നാല്‍, 2016 മെയിലാണ് ആലോചന ആരംഭിച്ചതെന്നാണ് സമിതിയ്ക്ക് മുന്‍പാകെ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചത്.      

Tags: