വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിക്കുന്നു

Mon, 30-01-2017 03:01:22 PM ;

ടെലികോം സേവന ദാതാക്കളായ വോഡഫോണും ഐഡിയ ഐഡിയ സെല്ലുലാറും തമ്മില്‍ ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയാണ് ഇന്ത്യയിലെ തങ്ങളുടെ വിഭാഗം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചത്.

 

പ്രസ്താവന പുറത്തുവന്നതോടെ, ഐഡിയ സെല്ലുലാറിന്റെ ഓഹരി വിലയില്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. ലയനം പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവാകും വോഡഫോണ്‍-ഐഡിയ സംയുക്തം. ഒക്ടോബര്‍ 31-ലേ കണക്കനുസരിച്ച് രണ്ട് കമ്പനികള്‍ക്കും കൂടി 38 കോടിയിലധികം ഉപഭോക്താക്കളുണ്ട്. എയര്‍ടെല്ലിനു 26.23 കോടി ഉപഭോക്താക്കളാണുള്ളത്.

 

വോഡഫോണ്‍ ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. പകരമായി ഐഡിയ സെല്ലുലാറില്‍ വോഡഫോണിന് ഓഹരി നല്‍കും. എന്നാല്‍, രണ്ട് കമ്പനികളും ഭാരതി എയര്‍ടെല്ലും സംയുക്തമായി സ്ഥാപിച്ച സ്വതന്ത്ര മൊബൈല്‍ ടവര്‍ കമ്പനി ഇന്‍ഡസ് ടവേഴ്സില്‍ വോഡഫോണിനുള്ള 42 ശതമാനം പങ്കാളിത്തം കൈമാറില്ല.
 

സൗജന്യ ഓഫറുമായി സെപ്തംബറില്‍ റിലയന്‍സ് ജിയോ കൂടി കടന്നുവന്നതോടെ ഇന്ത്യയിലെ ടെലികോം വിപണിയിലെ മത്സരം രൂക്ഷമായിരുന്നു. നാല് മാസത്തിനുള്ളില്‍ ഏഴു കോടി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് .

Tags: