എസ്.ബി.ഐയില്‍ അനുബന്ധ ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

Thu, 16-02-2017 03:45:53 PM ;

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) അടക്കം അഞ്ച് അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യില്‍ ലയിപ്പിക്കുന്നതിന്‌ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ലയന നിര്‍ദ്ദേശത്തിന് നേരത്തെ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതായും ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളും ഇത് പാസാക്കിയിരുന്നതുമാണ്. ബോര്‍ഡുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം മന്ത്രിസഭ നിര്‍ദ്ദേശം അംഗീകരിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

 

എസ്.ബി.ടിയ്ക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ്‌ ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്.ബി.ഐയില്‍ ലയിക്കുന്ന അനുബന്ധ ബാങ്കുകള്‍.

 

ഭാരതത്തിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഈ ലയനത്തോടെ ആഗോളതലത്തില്‍ തന്നെ ഒരു പ്രമുഖ സ്ഥാപനമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലയനത്തോടെ ബാങ്കിന്റെ ആസ്തിയുടെ മൂല്യം 37 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കുന്നു. 50 കോടിയിലധികം ഉപഭോക്താക്കളും ബാങ്കിന് ഉണ്ടാകും.  

 

നേരത്തെ, 2008-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്.ബി.ഐയില്‍ ലയിച്ചിരുന്നു.

Tags: