കനയ്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റമില്ല

Wed, 01-03-2017 05:01:53 PM ;

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യക്കെതിരെ കേസെടുത്തിരുന്നത്.

 

ഡല്‍ഹി പോലീസ് കമ്മീഷണറുടെ മുന്നിലുള്ള കരട് കുറ്റപത്രത്തില്‍ കേസില്‍ ഉള്‍പ്പെട്ട മറ്റ് ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. അഫ്സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതാണ് കേസിന് കാരണമായത്. പരിപാടിയ്ക്കായി ഇന്ത്യാവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കിയത് ഉമാറാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

 

പരിപാടിയില്‍ കനയ്യ ഇന്ത്യാവിരുദ്ധ മുദ്യാവാക്യം വിളിച്ചതായി കരട് കുറ്റപത്രത്തില്‍ പറയുന്നില്ല. എന്നാല്‍, ഇത്തരം മുദ്രാവാക്യങ്ങളോ പരിപാടിയോ തടയാന്‍ കനയ്യ ഒന്നും ചെയ്തില്ലെന്ന് സൂചിപ്പിക്കുന്ന കുറ്റപത്രം, കുറ്റം ചാര്‍ത്തുന്നത് കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

 

40-ല്‍ അധികം വീഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കമ്മീഷണറുടെ അനുമതി കിട്ടിയാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

 

ഇന്ത്യാവിരുദ്ധ മുദ്യാവാക്യം മുഴക്കിയതിന് കശ്മീരില്‍ നിന്നുള്ള ഒന്‍പത് പേരെയും കുറ്റപത്രത്തില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇവര്‍ മറ്റ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികളോ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരോ ആണ്. 140-ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Tags: