നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് നേട്ടം; കോണ്‍ഗ്രസിന് ആശ്വാസം

Sat, 11-03-2017 10:46:44 AM ;

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ടിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഗോവയിലും മണിപ്പൂരിലും ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പൊതുവെ സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് ഫലത്തില്‍ പ്രതിഫലിക്കുന്നത്.

 

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിഞ്ഞുവരുമ്പോള്‍ 312 സീറ്റുകളിലും ബി.ജെ.പി സഖ്യം മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 202 സീറ്റുകളാണ്. 2014 ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ ആവര്‍ത്തനമാണ് ഇവിടെ ബി.ജെ.പി നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം 67 സീറ്റിലും ബി.എസ്.പി 18 സീറ്റിലും മാത്രമാണ് മുന്നില്‍.

 

ഉത്തരാഖണ്ടിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. നിയമസഭയിലെ 70 സീറ്റുകളില്‍ പാര്‍ട്ടി 57 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 36 സീറ്റുകളാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് മുന്നില്‍.

 

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 117 അംഗ സഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകളില്‍ മുന്നിലാണ്. 59 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ഭരണകക്ഷിയായ അകാലിദള്‍-ബി.ജെ.പി സഖ്യം 17 സീറ്റിലും ആം ആദ്മി പാര്‍ട്ടി 23 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു.  

 

ഗോവയിലെ 40 സീറ്റുകളില്‍ 36 സീറ്റുകളില്‍ ഫലമറിവായപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 16 സീറ്റിലും ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യം 12 സീറ്റിലും മുന്നിലാണ്. 21 സീറ്റുകളാണ് ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 

 

മണിപ്പൂരിലെ 60 സീറ്റില്‍ 53-ല്‍ ഫലമറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 23 സീറ്റിലും ബി.ജെ.പി 21 സീറ്റിലും മുന്നിലാണ്. 31 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം.

Tags: