വോഡഫോണും ഐഡിയയും ലയന നടപടികള്‍ തുടങ്ങി

Mon, 20-03-2017 12:47:46 PM ;

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയന നടപടികള്‍ ആരംഭിച്ചു. ലയനം പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവാകും പുതിയ കമ്പനി.

 

പുതിയ കമ്പനിയില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയ്ക്ക് 45.1 ശതമാനം ഓഹരികള്‍ ഉണ്ടായിരിക്കും. 4.9 ശതമാനം ഓഹരികള്‍ ഐഡിയ സെല്ലുലാറിന്റെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 3874 കോടി രൂപയ്ക്ക് കൈമാറും. ചെയര്‍മാനെ നിയമിക്കുന്നതിനുള്ള അധികാരം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും. കുമാരമംഗലം ബിര്‍ളയായിരിക്കും പുതിയ കമ്പനിയുടെ ആദ്യ ചെയര്‍മാന്‍.   

 

ഒക്ടോബര്‍ 31-ലെ കണക്കനുസരിച്ച് രണ്ട് കമ്പനികള്‍ക്കും കൂടി 38 കോടിയിലധികം ഉപഭോക്താക്കളുണ്ട്. നിലവില്‍ ഒന്നാം സ്ഥാനക്കാരായ എയര്‍ടെല്ലിനു 26.23 കോടി ഉപഭോക്താക്കളാണുള്ളത്.

 

എന്നാല്‍, ഈ രണ്ട് കമ്പനികളും ഭാരതി എയര്‍ടെല്ലും സംയുക്തമായി സ്ഥാപിച്ച സ്വതന്ത്ര മൊബൈല്‍ ടവര്‍ കമ്പനി ഇന്‍ഡസ് ടവേഴ്സില്‍ വോഡഫോണിനുള്ള 42 ശതമാനം പങ്കാളിത്തം കൈമാറില്ല.

Tags: