ബീഹാറില്‍ കോടതി വളപ്പില്‍ ബോംബ്‌ സ്ഫോടനം; രണ്ട് പേര്‍ മരിച്ചു

Fri, 23-01-2015 04:02:00 PM ;
ആരാ

ara courtബീഹാറിലെ ആരാ ജില്ലയിലെ ഒരു കോടതി വളപ്പില്‍ വെള്ളിയാഴ്ച ബോംബ്‌ സ്ഫോടനം. ശക്തമായ സ്ഫോടനത്തില്‍ ബോംബ്‌ കൊണ്ടുവന്ന സ്ത്രീയും ഒരു പോലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. തീവ്രവാദ സംഭവങ്ങള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഫോറന്‍സിക് പരിശോധനകള്‍ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

 

സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

കോടതി വളപ്പില്‍ തടവുകാരെ സൂക്ഷിക്കുന്ന മുറിയ്ക്ക് സമീപത്തേക്ക് നീങ്ങിയ ഒരു മദ്ധ്യവയസ്കയെ കോണ്‍സ്റ്റബിള്‍ തടഞ്ഞപ്പോഴാണ് സ്ഫോടനം നടന്നത്. ഏതെങ്കിലും തടവുകാരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നിരിക്കാം ഇതെന്ന് ആരാ എം.പി ആര്‍.കെ സിങ്ങ് പറഞ്ഞു. എന്നാല്‍, എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

 

റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് മുന്‍പായി നടന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags: