എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

Thu, 29-01-2015 03:26:00 PM ;
ന്യൂഡല്‍ഹി

s jaishankar

 

പുതിയ വിദേശകാര്യ സെക്രട്ടറിയായി എസ്. ജയശങ്കര്‍ വ്യാഴാഴ്ച ചുമതലയേറ്റു. യു.എസിലെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ജയശങ്കര്‍. വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിങ്ങിന്റെ കാലാവധി അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് തീരുമാനമെടുത്തത്.

 

ആഗസ്ത് വരെ കാലാവധിയുണ്ടായിരുന്ന സുജാത സിങ്ങിന്റെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അനുചിതമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

 

1977 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ജയശങ്കറിനെ രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ സര്‍ക്കാറില്‍ നിന്ന്‍ മറിച്ച് ഉത്തരവ് ഉണ്ടാകുന്നത് വരെയോ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവാദിത്വം വലുതാണെന്നും സര്‍ക്കാറിന്റെ മുന്‍ഗണനകളാണ് തന്റെ മുന്‍ഗണനകളെന്നും സ്ഥാനമേറ്റ ശേഷം ജയശങ്കര്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമായി പറഞ്ഞു.

 

2013 ആഗസ്തിലാണ് സുജാത സിങ്ങിനെ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്. അന്നും ഈ സ്ഥാനത്തേക്ക് എസ്. ജയശങ്കറിനെ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് ജയശങ്കറിനെ നിയമിക്കാനാണ് താല്‍പ്പര്യപ്പെട്ടിരുന്നതെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന്‍ സുജാത സിങ്ങിനെ നിയമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്.  

Tags: