രാജ്യത്തെ മതനിരപേക്ഷതയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി

Tue, 10-02-2015 02:09:00 PM ;
ന്യൂഡല്‍ഹി

supreme court

 

രാജ്യത്ത് മതനിരപേക്ഷതയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇന്ത്യ ഇപ്പോള്‍ ഒരു മതനിരപേക്ഷ രാജ്യമാണെന്നും എന്നാല്‍ എത്രനാള്‍ ഇങ്ങനെ തുടരാനാകുമെന്ന്‍ അറിയില്ലെന്ന് ജസ്റ്റിസ്‌ വിക്രംജിത് സെന്‍ തിങ്കളാഴ്ച വാക്കാല്‍ നിരീക്ഷിച്ചു. ഇതുകാരണം ഇപ്പോള്‍ തന്നെ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

 

പള്ളിനിയമം ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മതവിശ്വാസികളുടെ വ്യക്തിനിയമമായും പള്ളിക്കോടതി നല്‍കുന്ന വിവാഹമോചന ഉത്തരവ് സാധുവും ബാധകവുമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബഞ്ച്.

 

ഈ വിഷയത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അങ്ങനെ വന്നാല്‍ ഓരോ മതവും തങ്ങളുടെ വ്യക്തിനിയമത്തെ നിയമത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യമുയര്‍ത്തുമെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ്‌ സി. നാഗപ്പന്‍ നിരീക്ഷിച്ചു. സിവില്‍ നിയമങ്ങളില്‍ നിന്ന്‍ മതത്തെ മാറ്റിനിര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ സിവില്‍-കുടുംബ വിഷയങ്ങളില്‍ വ്യക്തിനിയമത്തിന്റെ ആജ്ഞകള്‍ അംഗീകരിക്കാന്‍ നിയമത്തെ നിര്‍ബന്ധിക്കരുതെന്ന് കോടതി പറഞ്ഞു. മതസ്ഥാപനങ്ങള്‍ക്കും സ്വയം-പ്രഖ്യാപിത സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും നിയമസാധുത നല്‍കിയാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ ഉദാഹരണമായി ദുരഭിമാന കൊലപാതകങ്ങള്‍ കോടതി എടുത്തുപറഞ്ഞു. എഴുതപ്പെട്ട നിയമസംഹിതകളെ മതനേതാക്കള്‍ മറികടക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.  

 

ഒരു കോടിയിലധികം വരുന്ന കത്തോലിക്കാ മതവിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന്റെയും വിവാഹത്തേയും സംബന്ധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരനായ കര്‍ണ്ണാടക സ്വദേശി ക്ലാരന്‍സ് പയസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒന്നിലധികം പേരെ വിവാഹം കഴിക്കുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 494 റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ ഉള്‍പ്പെട്ട കേസുകളില്‍ പള്ളിനിയമം പരിഗണിക്കാതെ വിചാരണ ചെയ്യുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. പള്ളിക്കോടതിയില്‍ നിന്ന്‍ വിവാഹമോചനം നേടിയ ശേഷം വീണ്ടും വിവാഹം കഴിക്കുന്നവര്‍ ഈ വകുപ്പ് അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി.

 

ഇത്തരം വിവാഹമോചനത്തിന് നിലവില്‍ നിയമസാധുതയില്ല. മുസ്ലിം വിശ്വാസികളുടെ വ്യക്തിനിയമമായ മുഹമ്മദീയ നിയമമനുസരിച്ചുള്ള വിവാഹമോചനം രാജ്യത്തെ കോടതികള്‍ അംഗീകരിക്കുന്ന സാഹചര്യത്തില്‍ പള്ളിനിയമം കത്തോലിക്കാ മതവിശ്വാസികളുടെ വ്യക്തിനിയമമായി അംഗീകരിച്ച് വിവാഹമോചനം സാധുവായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.  

 

പള്ളിനിയമമനുസരിച്ച് കത്തോലിക്കാ വിശ്വാസികള്‍ കത്തോലിക്കാ പള്ളിയില്‍ വിവാഹം ചെയ്യുകയും പള്ളിനിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ച് പള്ളിക്കോടതിയില്‍ നിന്ന്‍ വിവാഹമോചനം നേടുകയും വേണം. ഇങ്ങനെയല്ലാത്ത വിവാഹവും വിവാഹമോചനവും റോമന്‍ കത്തോലിക്കാ പള്ളി അംഗീകരിക്കുന്നില്ല.  

 

ഹര്‍ജിയില്‍ സര്‍ക്കാറിന്റെ അഭിപ്രായം അറിയിക്കുന്നതിന് കോടതി നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.

Tags: