ബീഹാര്‍: ജെ.ഡി.(യു)വിനെ പ്രതിപക്ഷമായി സ്പീക്കര്‍ അംഗീകരിച്ചു

Thu, 19-02-2015 03:55:00 PM ;
പാറ്റ്ന

 

നാളെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ബീഹാറില്‍ ഐക്യജനതാദളിനെ (ജെ.ഡി.(യു)) സ്പീക്കര്‍ ഉദയ് നാരായന്‍ ചൗധരി മുഖ്യപ്രതിപക്ഷ കക്ഷിയായി അംഗീകരിച്ചു. മുഖ്യമന്ത്രിയായ ജിതന്‍ റാം മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയ സാഹചര്യത്തില്‍ തങ്ങളെ പ്രതിപക്ഷമായി അംഗീകരിക്കണമെന്ന് ജെ.ഡി.(യു) സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി 20 വെള്ളിയാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മഞ്ജിയോട് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 

ജെ.ഡി.(യു) നേതാവ് വിജയ്‌ ചൗധരിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ തുടര്‍ന്ന്‍ പ്രതിപക്ഷ നേതാവായ ബി.ജെ.പിയുടെ നന്ദകിഷോര്‍ യാദവ് പദവിയുടെ ഭാഗമായ സൗകര്യങ്ങള്‍ തിരിച്ചുനല്‍കിയിട്ടുണ്ട്. അതേസമയം, സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ പ്രതിഷേധ പ്രകടനം നടത്തി. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പി അംഗങ്ങള്‍ മഞ്ജിയെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബി.ജെ.പി ഇതുവരേയും വിശ്വാസപ്രമേയത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

ജെ.ഡി.(യു) നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തെങ്കിലും മഞ്ജി സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴാണ് നിതീഷിന്റെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന മഞ്ജി മുഖ്യമന്ത്രിയായത്. അപ്പോള്‍ത്തന്നെ, ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഞ്ജിയെ മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ആയതോടെ മഹാദളിത്‌ വിഭാഗത്തിന്റെ പ്രതിനിധിയായി തന്നെ ഉയര്‍ത്തിക്കാട്ടി നിതീഷിന്റെ നിഴലില്‍ നിന്ന്‍ മഞ്ജി പുറത്തുവരികയായിരുന്നു.

 

243 അംഗ നിയമസഭയില്‍ 130 പേരുടെ പിന്തുണ ഉണ്ടെന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. ജെ.ഡി.യു അംഗങ്ങള്‍ക്ക് പുറമേ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ നല്‍കുന്നുണ്ട്. ജെ.ഡി.യു 111, ബി.ജെ.പി 87, ആര്‍.ജെ.ഡി 24, കോണ്‍ഗ്രസ് അഞ്ച്, സി.പി.ഐ ഒന്ന്‍, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. പത്ത് അംഗങ്ങളുടെ ഒഴിവുണ്ട്.

Tags: