വിവാദ രേഖാചിത്രം 'ഇന്ത്യയുടെ മകള്‍' ബി.ബി.സി സംപ്രേഷണം ചെയ്തു

Thu, 05-03-2015 11:49:00 AM ;

ഡിസംബര്‍ 16 ഡല്‍ഹി കൂട്ടമാനഭംഗത്തെ കുറിച്ചുള്ള രേഖാചിത്രം ഇന്ത്യയുടെ മകള്‍ ബി.ബി.സി ബുധനാഴ്ച രാത്രി യു.കെയില്‍ സംപ്രേഷണം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ത്യയില്‍ ചിത്രം വിവാദം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് സംപ്രേഷണം നേരത്തെ നടത്തിയത്. ലെസ്ലീ അഡ്‌വിന്‍ നിര്‍മ്മിച്ച ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.

 

mukesh singh of delhi rape കൂട്ട മാനഭംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ്ങുമായി ചിത്രത്തിനായി നടത്തിയ അഭിമുഖമാണ് വിവാദമായത്. അഭിമുഖത്തില്‍ സംഭവത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയുമാണ്‌ സിങ്ങ് സംസാരിക്കുന്നത്. ഇത് പുറത്തുവന്നതിനെത്തുടര്‍ന്ന് പാര്‍ലിമെന്റിലടക്കം ചിത്രം നിരോധിക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രം സംപ്രേഷണം ചെയ്യാതിരിക്കാന്‍ ബി.ബി.സിയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചില്ലെന്ന്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞത്. പ്രതി തടവില്‍ കഴിയുന്ന ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ വെച്ചായിരുന്നു അഭിമുഖം നടത്തിയത്.  

Tags: