മദ്ധ്യപ്രദേശ് മന്ത്രിയെ തീവണ്ടിയില്‍ കൊള്ളയടിച്ചു

Thu, 19-03-2015 04:22:00 PM ;
ന്യൂഡല്‍ഹി

jayant malaiyaമദ്ധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മലൈയ്യയേയും ഭാര്യ സുധയേയും വ്യാഴാഴ്ച രാവിലെ തീവണ്ടിയില്‍ വെച്ച് ഒരു സംഘം കൊള്ളയടിച്ചു. ജബല്‍പൂര്‍-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ വെച്ച് പുലര്‍ച്ചെ നാലിന് കത്തി ചൂണ്ടിയാണ് കൊള്ള നടന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

 

തീവണ്ടിയില്‍ കാവല്‍ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന്‍ റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതായും റെയില്‍വേ വക്താവ് അറിയിച്ചു.

 

സ്വര്‍ണ്ണമാല, മോതിരം, പണം എന്നിവ കവര്‍ന്നതായി സുധ മലൈയ്യ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ദമോഹില്‍ നിന്നാണ് ഇരുവരും തീവണ്ടിയില്‍ കയറിയത്. എ.സി കമ്പാര്‍ട്ട്മെന്റില്‍ സഞ്ചരിച്ചിരുന്ന ഇവരുടെ കൂപ്പെയുടെ വാതിലില്‍ മുട്ടുകേട്ട് തുറന്നപ്പോള്‍ കത്തി നീട്ടി അഞ്ചംഗ സംഘം അകത്തുകടക്കുകയായിരുന്നുവെന്ന് സുധ പറഞ്ഞു.

 

സമീപത്തെ കൂപ്പെയിലും സംഘം കവര്‍ച്ച നടത്തിയതായി സുധ അറിയിച്ചു. റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെ വിളിച്ചതിനാല്‍ മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടതായി അവര്‍ പറഞ്ഞു. തീവണ്ടി അപായ ചങ്ങല വലിച്ചുനിര്‍ത്തിയപ്പോള്‍ സേനാംഗങ്ങള്‍ വരികയും കവര്‍ച്ചാസംഘം ഇറങ്ങിപ്പോകുകയും ചെയ്തതായി അവര്‍ വിശദീകരിച്ചു.      

Tags: