ഭൂമിയേറ്റെടുക്കല്‍ ബില്‍: സര്‍ക്കാറിന്റെ നീക്കം പരിഹാസ്യമെന്ന് സോണിയ ഗാന്ധി

Fri, 27-03-2015 04:44:00 PM ;
ന്യൂഡല്‍ഹി

sonia gandhiവിവാദമായ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ സംവാദത്തിന് തയ്യാറാകണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ദീര്‍ഘവീക്ഷണമില്ലാതെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏതാനും വ്യവസായികളെ സഹായിക്കുന്നതിനായി പിന്നോക്കം വളയുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് അനുകൂലമാണെന്നതിന്റെ അര്‍ഥം സാമ്പത്തിക വളര്‍ച്ചയ്ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവര്‍ യു.പി.എ സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ പൂര്‍ണ്ണ രൂപത്തില്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

 

കര്‍ഷക വിരുദ്ധമായ നിയമം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിന് ശേഷം വിഷയത്തില്‍ സംവാദം നടത്താമെന്ന് നിര്‍ദ്ദേശിക്കുന്നത് സമവായ നിര്‍മ്മാണ ശ്രമങ്ങളെ പരിഹസിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് അയച്ച കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ സംവാദത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗഡ്കരി സോണിയയ്ക്കും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയ്ക്കും കത്തയച്ചിരുന്നു.

 

ബില്ലിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിനെ വിമര്‍ശിച്ച സോണിയ ഗാന്ധി സങ്കുചിത മനസുള്ള രാഷ്ട്രീയത്തില്‍ നിന്ന്‍ ഉയരാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ വേദനിപ്പിക്കുന്ന ഒരു നിയമത്തേയും കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

 

ഭേദഗതി ബില്‍ ഇപ്പോള്‍ പാര്‍ലിമെന്റിന്റെ പരിഗണനയിലാണെങ്കിലും ഇത് സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് ആയി പുറപ്പെടുവിച്ചതിനാല്‍ നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഏപ്രില്‍ അഞ്ചിനാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്നത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോകസഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഇതിനെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും എതിര്‍ക്കുകയാണ്. സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുകയാണെങ്കില്‍ വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചിട്ടുണ്ട്.   

Tags: