'500 ഭീകരര്‍ നുഴഞ്ഞുകയറാനൊരുങ്ങുന്നു;ബാലാകോട്ടിലെ തീവ്രവാദി കേന്ദ്രം സജീവം'കരസേനാ മേധാവി.

Glint Desk
Mon, 23-09-2019 03:40:56 PM ;
Newdelhi

 

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ച് തകര്‍ത്ത പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. ഇവിടെനിന്ന് ഇന്ത്യയിലേയ്ക്ക് 500 തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ മുമ്പ് വീണ്ടും ജെയ്‌ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബലാകോട്ടിലും കനത്തതാകുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാദ്ധ്യതയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം ഈ വെല്ലുവിളികളെല്ലാം നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. താഴ്‌വരയില്‍ ജനജീവിതം സാധാരണ നിലയിലാണ്. പാകിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ച് കാശ്മീരില്‍ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രം ബോംബിട്ട് തകര്‍ത്തത്. ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്.

 

Tags: