ഹ്യുഗോ ഷാവെസിന് അന്ത്യാഞ്ജലി

Wed, 06-03-2013 11:45:00 AM ;

കാരക്കാസ്: വെനിസ്വല പ്രസിഡന്റ് ഹ്യുഗോ ഷാവെസ് (58) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും. രാജ്യത്ത് ഒരാഴ്ചത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

ക്യുബയിലെ ചികിത്സക്ക്  ശേഷം ഡിസംബറില്‍ തിരിച്ചെത്തിയ ഷാവെസിന്റെ നില വഷളായതായി കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് നിക്കോളാസ് മദുരോ അറിയിച്ചിരുന്നു. 2011 പകുതിയിലാണ് ഷാവെസിന് അര്‍ബുദ ബാധ കണ്ടെത്തിയത്. 1998 മുതല്‍ വെനിസ്വലയുടെ പ്രസിഡന്റായി ഷാവെസ് തുടര്‍ച്ചയായി നാല് വട്ടം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രധാന ശില്‍പ്പിയായ ഷാവെസിന്റെ നിര്യാണത്തില്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ അനുശോചിച്ചു. ക്യുബ രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീല്‍ ജനതയുടെ സുഹൃത്തായിരുന്നു ഷാവെസെന്ന് പ്രസിഡന്റ് ദില്‍മ റോസെഫ് പറഞ്ഞു.

Tags: