സ്‌കൂളുകളിലെ ആക്രമണങ്ങള്‍ തടയാന്‍ അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ മതി: ട്രംപ്

Glint staff
Thu, 22-02-2018 06:42:41 PM ;
Washington

donald-trump-gun

സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പരിഹാര നിര്‍ദേശം.

 

ഫ്‌ളോറിഡ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും വൈറ്റ് ഹൗസില്‍ നടത്തിയ  കൂടിക്കാഴ്ച്ചയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാമെന്നും, ഇതിനായി അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നുമാണ് ട്രംപ് പറഞ്ഞത്.

 

എന്നാല്‍, മാതാപിതാക്കളും അദ്ധ്യാപകരും ട്രംപിന്റെ അഭിപ്രായത്തെ എതിര്‍ത്തു.  അദ്ധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും ആയുധ പരിശീലനവും, സുരക്ഷ ചുമതലയും നല്‍കി അവരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിലപാടെടുത്തു.

 

ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ ജനരോഷം ശക്തമായി തുടരുകയാണ്.

 

Tags: