''ഇറാനിയന്‍ സുന്ദരികള്‍ നല്‍കുന്ന സന്ദേശം''

Fri, 11-10-2019 06:27:09 PM ;

മതത്തിന്റെ പേരില്‍ ആചാരങ്ങളായി അടിച്ചേല്‍പ്പിക്കുന്ന അനീതി വെച്ച്‌പൊറുപ്പിക്കില്ല എന്നാണ് ഇറാനിലെ പെണ്‍കുട്ടികള്‍ മതമൗലിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്  നല്‍കുന്ന സന്ദേശം. വ്യാഴാഴ്ച ആസാദി സ്റ്റേഡിയം കോംപ്ലക്‌സില്‍  പങ്കെടുത്ത 3500 പെണ്‍കുട്ടികളും അത് മുദ്രാവാക്യം എന്നോണം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കംമ്പോഡിയയും ഇറാനും തമ്മിലുള്ള വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ കാണികളായെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുള്ള പാശ്ചാത്യ സംസ്‌കാര ചായ്വിനെയും പ്രകടമാക്കി.

 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ആദ്യമായിട്ടാണ് ഇറാന്‍ സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. കഴിഞ്ഞമാസം ബ്ലൂ ഗേള്‍  എന്നറിയപ്പെടുന്ന സഹര്‍ ഖോദയാരി എന്ന  29 കാരിയുടെ രക്തസാക്ഷിത്വം ആണ് ഇറാനിലെ നാല് ദശകത്തിനു ശേഷമുള്ള ഈ മാറ്റത്തിന് കാരണമായത്. തന്റെ ഇഷ്ടപ്പെട്ട ടീമിന്റെ കളി കാണുന്നതിന് വേഷംമാറി സ്റ്റേഡിയത്തിലെത്തിയ സഹര്‍ പിടിക്കപ്പെട്ടു. വിചാരണയ്ക്ക് കോടതിയില്‍ എത്തിയ ഈ യുവതി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ഈ സംഭവമാണ് ഫിഫ ഏറ്റെടുത്തത്. ഫിഫയുടെ കര്‍ശനമായ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് ഇറാന്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കളി കാണാന്‍ അവസരം നല്‍കിയത്. ഇതിനായി പ്രത്യേക സ്ഥലത്താണ് സ്ത്രീകളെ പ്രവേശിപ്പിച്ചതെങ്കിലും ഇറാനിയന്‍ യുവതികള്‍ ഈ മുഹൂര്‍ത്തത്തെ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി രേഖപ്പെടുത്തി.

 പാശ്ചാത്യ സംസ്‌കാരത്തോടുള്ള ചായ്യ് വും ആ രീതിയിലുള്ള വേഷവിധാനങ്ങളുമാണ് ഇറാനിയന്‍  യുവതികളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ മുഴച്ചു നിന്നത്. മതത്തിന്റെ കടുംപിടുത്തങ്ങള്‍ക്ക് തങ്ങളെ ഇനി കിട്ടില്ല എന്നുള്ള ഉറച്ച പ്രഖ്യാപനവും യുവതികളില്‍ പ്രകടമായിരുന്നു. ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുതന്നെ പശ്ചാത്യ സംസ്‌കാരത്തോട് ആഭിമുഖ്യം കാണിച്ചവരും അക്കാലത്ത് പോലും ടൈറ്റ് ജീന്‍സും മിനി സ്‌കര്‍ട്ടുകളും സ്ലീവ്ലെസ് ടോപ്പുകളും ഹൈഹീല്‍ പാദരക്ഷകളും ഒക്കെ ശീലമാക്കിയവരായിരുന്നു ഇറാനിയന്‍ വനിതകള്‍.

 ഇന്റര്‍നെറ്റിന്‌ടെ മാറിയ കാലത്ത്, ലോകത്തിന്റെ മാറ്റങ്ങള്‍ വീക്ഷിച്ചുകൊണ്ട് വീടുകള്‍ക്കുള്ളില്‍ ശ്വാസമടക്കി കഴിയുകയായിരുന്നു വിപ്ലവാനന്തര കാലഘട്ടത്തില്‍ ജനിച്ചവരും അവരുടെ കുട്ടികളും. വിപ്ലവത്തിനു മുന്‍പ് ഹിജാബ് ധരിക്കുക അപൂര്‍വ്വമായിരുന്നു. എന്നാല്‍ വിപ്ലവാനന്തരം കര്‍ശനമായ വസ്ത്ര നിഷ്‌കര്‍ഷകള്‍ ആണ് ഇറാനിയന്‍ വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.

 വനിതകളുടെ വിദ്യാഭ്യാസത്തിന് പോലും വിലക്കേര്‍പ്പെടുത്തിയിരുന്ന മതമേധാവിത്വത്തിന്  ക്രമേണ ആ  നിലപാടില്‍ അയവ് വരുത്തേണ്ടി വന്നു. തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ല എങ്കില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവ് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പെണ്‍കുട്ടികളുടെ വരവിന് വഴിയൊരുക്കുകയാണ് ഉണ്ടായത്. മതമേധാവിത്വത്തിന്റെ  വിലക്കുകള്‍ ഉണ്ടായിട്ടും തലയും മുഖവും മറക്കാതെ യുവതികള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുക ഏറെനാളായി പതിവായിരുന്നു.

 സര്‍വകലാശാല കാന്റീനുകളില്‍ ആവട്ടെ പെണ്‍കുട്ടികളുടെ വേഷവിധാനം തെല്ലും ഇസ്ലാമിക ചിഹ്നങ്ങള്‍ പേറുന്നതായിരുന്നില്ല. സൗദി അറേബ്യയും മാറ്റത്തിന്റെ പാതയിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ ഇറാന്‍ യുവതികളുടെ വീര്‍പ്പുമുട്ടലും വല്ലാതെ പുകഞ്ഞു. ആ പുകച്ചിലിന്‍ടെ കത്തലാണ് കഴിഞ്ഞമാസം ബ്ലൂ ഗേള്‍  എന്നറിയപ്പെടുന്ന സഹര്‍ ഖോദയാരിയിലൂടെ ആളിക്കത്തിയത്. കര്‍ശനമായ മത ശാഠ്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏത് സമൂഹവും കണ്ണുതുറന്നു കാണേണ്ടതാണ് 2019 ഒക്ടോബര്‍ പത്തിന് ആസാദി സ്റ്റേഡിയം കോംപ്ലക്‌സില്‍ ഇറാനിയന്‍ യുവതികള്‍ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനം.

 

 

Tags: