കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരട്‌ വിജ്‌ഞാപനം വൈകും

Fri, 07-03-2014 05:56:00 PM ;
തിരുവനന്തപുരം

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പുതിയ കരട്‌ വിജ്‌ഞാപനം വൈകും. പരിസ്ഥിതി വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്. കേരളത്തിന് മാത്രം പ്രത്യേക ഇളവുകള്‍ അനുവദിച്ചിരിക്കുന്ന വിജ്ഞാപനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല എന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

 

കേരളം മുന്നോട്ടു വെച്ച ഭേദഗതികള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് എട്ട്‌ പേജുകള്‍ വരുന്ന പുതിയ കരട്‌ വിജ്‌ഞാപനം. കഴിഞ്ഞ ദിവസം ഇത്‌ നിയമമന്ത്രാലയത്തിന്‌ നല്‍കുകയും അവര്‍ അനുമതി നല്‍കി വനം പരിസ്‌ഥിതി മന്ത്രാലയത്തിന്‌ തിരികെ നല്‍കുകയും ചെയ്‌തിരുന്നു. കേരളത്തിലെ കര്‍ഷകരുടെ ആശങ്കള്‍ പരിഹരിക്കുന്ന നിലയില്‍ കൃഷി ഭൂമിയെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കിക്കൊണ്ട് സംസ്‌ഥാനം വെച്ച നിര്‍ദേശങ്ങള്‍ വിജ്‌ഞാപനത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

 

പുതിയ ഭേദഗതി പ്രകാരം നേരത്തേ പാരിസ്‌ഥിതിക മേഖലയായി പ്രഖ്യാപിച്ച 59940 ചതുരശ്ര കിലോമീറ്റര്‍ 56825 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങും. ഇ.എസ്.എ പതിമൂവായിരം കിലോ മീറ്ററില്‍ നിന്നും ഒമ്പതിനായിരമായി കുറയും. അതേസമയം വിജ്‌ഞാപനം എന്ന്‌ ഇറങ്ങുമെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. രണ്ടു രീതിയില്‍ ഇത്‌ ഇറക്കാന്‍ സാഹചര്യമുണ്ട്‌. ഓഫീസ്‌ മെമ്മോറാണ്ടം എന്ന നിലയില്‍ അനുമതിയില്ലാതെയും ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വാങ്ങിയും പുറത്തിറക്കാം.

Tags: