തോമസ് ചാണ്ടിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

Glint staff
Wed, 15-11-2017 12:20:16 PM ;
Thiruvananthapuram

thomas-chandy

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. അല്‍പ സമയം മുമ്പാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്‌ററര്‍ മുഖേന കൈമാറിയത്.തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എന്‍.സി.പി കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചിട്ട് തീരുമാനം അറിയിക്കാം എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്ര നേതൃത്വവുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷമാണ് രാജി തീരുമാനം ഉണ്ടായിരിക്കുന്നത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.

 

 

രാജിയ്ക്ക് ശേഷം തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴക്ക് പോയി .കോടതിയുടെ രൂക്ഷ പരാമര്‍ശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം പോലും ബഹിഷ്‌കരിച്ചിരുന്നു. ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തില്‍ ഇരിക്കാന്‍ തങ്ങളില്ലെന്ന് രാവിലെ തന്നെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

 

കോടതി വിധി തോമസ് ചാണ്ടിക്ക് എതിരല്ലെന്ന് എന്‍സിപി. തോമസ് ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്‌നമുണ്ടാക്കിയതുകൊണ്ടാണ് തോമസ് ചാണ്ടി രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

കായല്‍ കയ്യേറ്റ കേസില്‍ ആലപ്പുഴ  കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനെതിരെ ചാണ്ടി കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഒരു മന്ത്രി തന്നെ സര്‍ക്കാരിനെതിരെ പരാതി നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണുള്ളത് എന്നും പറഞ്ഞിരുന്നു.

 

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ അടുത്ത ദിവസം തന്നെ സമീപിക്കുമെന്നും വിധിപ്പകര്‍പ്പ്  കിട്ടിയാലുടനെ കേസിന്റെ കാര്യങ്ങള്‍ക്കായി താന്‍ ഡല്‍ഹിക്ക് പോകുമെന്നും രാജിക്കുശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags: