സൂര്യനെല്ലി: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Thu, 21-03-2013 02:15:00 PM ;

കൊച്ചി: സൂര്യനെല്ലി കേസില്‍ കര്‍ശന ഉപാധികളോടെ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ കെ.ടി.ശങ്കരനും എം.എല്‍ . ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട സ്ത്രീ പീഡനക്കേസുകള്‍ക്കായുള്ള പ്രത്യേക ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഏപ്രില്‍ രണ്ടിന് വാദം തുടങ്ങും.

 

കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ സമര്‍പ്പിക്കണം, സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തെ ശല്യപ്പെടുത്തരുത് തുടങ്ങിയവയാണ് ജാമ്യ  വ്യവസ്ഥകള്‍. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിക്കണം.

 

കോട്ടയത്തെ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ 2005ല്‍ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയതോടെ ശിക്ഷ വീണ്ടും പ്രാബല്യത്തില്‍ വരികയായിരുന്നു. തുടര്‍ന്നാണ്‌ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീലും ശിക്ഷ നിര്‍ത്തി വച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.   

Tags: